Uae
ബ്രിട്ടൻ വിട്ട് 6,000 സംരംഭകർ യു എ ഇയിലേക്ക്
അമേരിക്കയെയും സ്‌പെയിനിനെയും മറികടന്ന് രാജ്യം ഒന്നാമത്
അബൂദബി|കഴിഞ്ഞ രണ്ട് വർഷത്തിനിടെ യു കെയിൽ നിന്ന് ഉയർന്ന വളർച്ചയുള്ള കമ്പനികളുടെ ആറായിരം ഉടമകൾ യു എ ഇയിലേക്ക് കുടിയേറി. അമേരിക്കയെയും സ്‌പെയിനിനെയും മറികടന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ തങ്ങളുടെ പ്രഥമ ലക്ഷ്യസ്ഥാനമായി യു എ ഇയെ തിരഞ്ഞെടുത്തുവെന്ന് വെൽത്ത് മാനേജ്‌മെന്റ്കമ്പനിയായ റാത്ത്‌ബോൺസ് വെളിപ്പെടുത്തി. ഇത് കേവലം ഒരു താൽക്കാലിക നീക്കമല്ലെന്നും ആഗോള ബിസിനസ് ഭൂപടത്തിൽ യു എ ഇ കൈയടക്കിയ തന്ത്രപരമായ സ്ഥാനത്തിന്റെ തെളിവാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നികുതി കാര്യക്ഷമത, രാഷ്ട്രീയ സ്ഥിരത, നിയമനിർമാണ വഴക്കം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സംരംഭകരെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
യു എ ഇയിലെ ഉത്തേജകവും സ്ഥിരതയുള്ളതുമായ നികുതി സംവിധാനം ബിസിനസ് ഉടമകൾക്ക് അവരുടെ ലാഭം വീണ്ടും നിക്ഷേപിക്കാനും വളർച്ച ത്വരിതപ്പെടുത്താനും വലിയ അവസരം നൽകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ മാമൂൻ അബു അൽ എസ് പറഞ്ഞു. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ വ്യക്തമായ നികുതി സമ്പ്രദായം കമ്പനികൾക്ക് വലിയ മുതൽക്കൂട്ടാണ്. നികുതി ആനുകൂല്യങ്ങൾക്കൊപ്പം രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത ദീർഘകാല തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അത്യാധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ യു എ ഇയിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ഉയർന്ന കാര്യക്ഷമത നൽകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. സ്മാർട്ട് ഗവൺമെന്റ് സേവനങ്ങളും പ്രത്യേക ഫ്രീ സോണുകളും സംരംഭകർക്ക് ആത്മവിശ്വാസത്തോടെ പദ്ധതികൾ വികസിപ്പിക്കാനും അനുയോജ്യമായ വേദിയൊരുക്കുന്നു.




