Connect with us

Kuwait

ദേശീയ, വിമോചന ദിനാഘോഷം: കുവൈത്തില്‍ നാല് ദിവസം പൊതു അവധി

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങളാണ് രാജ്യത്ത് നടത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് ഇന്ന് 65-ാമത് ദേശീയ ദിനവും നാളെ 35-ാമത് വിമോചന ദിനവും അതിവിപുലമായി ആഘോഷിക്കുന്നു. 1961 ജൂണ്‍ 19ന് ബ്രിട്ടീഷ് സംരക്ഷിത പദവിയില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണയിലാണ് കുവൈത്ത് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്.

1962 ജൂണ്‍ 19നായിരുന്നു രാജ്യം ആദ്യം ദേശീയ ദിനം ആഘോഷിച്ചത്. വേനല്‍ക്കാലമായതിനാലും അസഹ്യമായ ചൂട് കാരണവും 1963 മുതല്‍ രാജ്യത്തിന്റെ ദേശീയ ദിനം ഫെബ്രുവരി 25 ലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. 1990 ആഗസ്റ്റ് മാസം രണ്ടിന് അയല്‍ രാജ്യമായ ഇറാഖ് കുവൈത്തില്‍ അധിനിവേശം നടത്തുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന 1991 ഫെബ്രുവരി 26ന് കുവൈത്തിനെ മോചിപ്പിക്കുകയും ചെയ്തു. പ്രസ്തുത ദിവസത്തിന്റെ സ്മരണയാണ് വിമോചന ദിനത്തില്‍ പുതുക്കുന്നത്.

ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ വ്യാപകമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കുവൈത്തിലെ പ്രധാന കെട്ടിടങ്ങളും തെരുവുകളും ദീപാലംകൃതമായി അലങ്കരിക്കുകയും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും വീടുകളില്‍ ദേശീയ പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു. രാജ്യത്തിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തവണ നാലു ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കടല്‍ത്തീരങ്ങളിലും റസ്റ്റോറന്റുകളിലും പാര്‍ക്കുകളിലും ഒത്തുകൂടി പ്രവാസികളും സ്വദേശികള്‍ക്കൊപ്പം ആഘോഷത്തിമിര്‍പ്പിലാണ്. ആഘോഷത്തിന്റെ ഭാഗമായി കുവൈത്ത് വ്യാമസേനയുടെ അഭ്യാസപ്രകടനങ്ങളും വെടിക്കെട്ടുകളും നടക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ വരെയും തെരുവുകള്‍ ആഘോഷ ലഹരിയിലായിരിക്കും.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങളാണ് രാജ്യത്ത് നടത്തിയത്. ക്രമസമാധാന നില കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലെ പോലെ ആഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ ഗണ്‍ ഉപയോഗവും ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളും ആരില്‍ നിന്നുണ്ടായാലും ശക്തമായി നേരിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest