National
സ്കൂള്‍ ബസ്സിന് പിന്നില്‍ ട്രക്കിടിച്ച് അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു, 32 പേര്‍ക്ക് പരുക്ക്
ഉത്തര്‍പ്രദേശിലെ കനൗജില്‍ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ലഖ്നൗ| ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 24 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കനൗജില്‍ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
രാവിലെ ആറോടെ തത്തിയ പ്രദേശത്തിന് സമീപമായിരുന്നു സംഭവം. കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി കൗശാംബിയിലെ ഓറിയന്റല്‍ പബ്ലിക് സ്കൂളിന്റെ ബസ് എക്സ്പ്രസ് വേയുടെ വശത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിതവേഗതയിലെത്തിയ ട്രക്ക് ബസ്സിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 50 പേരാണ് ബസ്സിലുണ്ടായിരുന്നതെന്ന് പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ എട്ട് സ്കൂള്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.
പോലീസ് ഉദ്യോഗസ്ഥരും ഉത്തര്‍പ്രദേശ് എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ജീവനക്കാരും വഴിയാത്രക്കാരും ചേര്‍ന്നാണ് തകര്‍ന്ന ബസ്സില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും നാല് കുട്ടികളുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Four students died and 32 people, including 24 students, were injured when a speeding truck hit a parked school bus in Kannauj. The bus was returning from an excursion to the Taj Mahal on the Lucknow-Agra Expressway. Injured victims were rushed to a medical college for treatment.




