From the print
നേതാക്കള്‍ക്ക് രാഷ്ട്രീയ ജാഗ്രത വേണം: കാന്തപുരം
ധ്രുവീകരണത്തിന് ഇടവരുത്തരുത്.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര തിരൂരിലെത്തിയപ്പോൾ
തിരൂര്‍ | രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളില്‍ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാകരുത്. തിരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുന്‍നിര്‍ത്തി മനസ്സിലാക്കേണ്ടതല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്. അധികാരം വരും, പോകും. ഈ നാട് പല മനുഷ്യര്‍ ഒരുമിച്ചു പാര്‍ക്കുന്നതാണ്. അവര്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ വീണ്ടും ഓര്‍മിപ്പിക്കരുത്. വര്‍ഗീയതക്ക് വളക്കൂറുള്ള മണ്ണാകരുത് കേരളം.
രാഷ്ട്രീയ നേതാക്കള്‍ താത്കാലിക നേട്ടങ്ങള്‍ക്കായി അതിരുകടന്ന് സംസാരിക്കരുത്. അതിലൂടെ നുഴഞ്ഞുകയറിവരുന്നത് വര്‍ഗീയതയാണ്. വന്നുകഴിഞ്ഞാല്‍ എളുപ്പം തിരിച്ചുപോകില്ല. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്തുവേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നും കാന്തപുരം പറഞ്ഞു.
സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. അബൂബക്കര്‍ പ്രമേയ പ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ ടി ജലീല്‍ എം എല്‍ എ, കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, ഒ കെ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, കുഞ്ഞലവി ഫൈസി തെന്നല, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി പുന്നത്തല, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, സി ഹരിദാസ്, ഇ ജയന്‍, പി ടി അജയ് മോഹന്‍, കെ പി നൗഷാദ് അലി, മുന്‍സിപല്‍ ചെയര്‍മാന്‍ കെ ഇബ്‌റാഹീം ഹാജി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. ഹുസൈന്‍ രണ്ടത്താണി സംബന്ധിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വാഗതവും അബ്ദുസ്സമദ് മുട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
മതസൗഹാര്‍ദത്തിന്റെ പാലം സൃഷ്ടിക്കലാണ് കേരളയാത്രയുടെ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വലിയ ആശയങ്ങളുള്ള ലളിതമായ പ്രമേയമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. യാത്രയുടെ ഓരോ ചുവടും ചരിത്രത്തിലേക്കാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകചരിത്രത്തില്‍ കേരളയാത്രക്ക് സമാനമായ യാത്രയുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഉസ്താദിന്റെ യാത്ര വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് കുറുക്കോളി മൊയ്തീന്‍ എം എല്‍ എ പറഞ്ഞു.
മഹാഗുരുവിന്റെ അനുഗ്രഹം തേടി
തിരൂര്‍ | ഉസ്താദുല്‍ അസാതീദ്, ബഹ്റുല്‍ ഉലൂം, ഒ കെ ഉസ്താദ് തുടങ്ങിയ പേരുകളില്‍ വിശ്രുതനായ ഗുരുനാഥരുടെ ഗുരു ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ മഖ്ബറ സിയാറത്ത് യാത്രയുടെ ഭാഗമായി നടന്നു. ഒ കെ ഉസ്താദിന്റെ ജീവിതകാലത്ത്, മലപ്പുറം-കോട്ടക്കല്‍ റൂട്ടില്‍ ഒതുക്കുങ്ങലില്‍ എത്തിയാല്‍ കാന്തപുരം ഉസ്താദിന്റെ വാഹനം അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിക്കാന്‍ ഡ്രൈവറോട് പറയേണ്ട ആവശ്യമില്ലായിരുന്നു. ഒന്നാം കേരളയാത്രയില്‍ മലപ്പുറത്ത് നിന്ന് കോട്ടക്കലിലെ സ്വീകരണ സമ്മേളനത്തിലേക്ക് പോകുന്ന വഴിയിലും കാന്തപുരം ഉസ്താദ് ഗുരുവിന്റെ അടുത്തെത്തിയിരുന്നു.





