Connect with us

From the print

സ്‌കൂള്‍ സിസ്റ്റം മാറും

ബാക്ക് ബെഞ്ച് ഇല്ല; ബാഗ് ഭാരം കുറയും. കരടിന് അംഗീകാരം. അടുത്ത അധ്യയന വര്‍ഷം നടപ്പാക്കും.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറക്കല്‍, ബാക്ക് ബെഞ്ച് ഇല്ലാത്ത ക്ലാസ്സ് മുറികള്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിര്‍ദേശങ്ങളുടെ കരട് റിപോര്‍ട്ടിനാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരിക, മാനസിക ആരോഗ്യം കൂടി കണക്കിലെടുത്താണ് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നത്. ഒപ്പം ആരും പിന്നിലല്ലെന്ന ഉറപ്പ് നല്‍കുകയാണ് ക്ലാസ്സ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും ഈ നടപടി സഹായിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പൊതു അഭിപ്രായം തേടും
ഈ വിഷയങ്ങള്‍ പഠിക്കാന്‍ നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ പ്രക്രിയയില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കരട് റിപോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അംഗീകാരം ലഭിച്ച കരട് റിപോര്‍ട്ട് എന്‍ സി ഇ ആര്‍ ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.

 

Latest