Kerala
അങ്കമാലിയിലെ ജാസ്ലിയയുടെ മരണം; പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഇന്നലെയാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്
കൊച്ചി|അങ്കമാലി എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സണിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അങ്കമാലി പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ഡിവൈഎസ്പിക്ക് റൂറല്‍ എസ്പി നിര്‍ദ്ദേശം നല്‍കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. അങ്കമാലി അഡ്രസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് പ്രതി ഡോ. സിറിയക് പി ജോര്‍ജ് പോലീസിന് മൊഴി നല്‍കി. ഭയന്ന് പോയതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്നും നാട്ടുകാര്‍ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നിരുന്നുവെന്നും സിറിയക്ക് മൊഴി നല്‍കി.
അതേസമയം, പ്രതി സിറിയകിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് പോലീസ്. പ്രതിയുടെ നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്. പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് പ്രതിയെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാന്‍ പ്രതി രൂപമാറ്റം വരുത്തിയിരുന്നു. പ്രതിയെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ചത് ബന്ധുവാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തിരുന്നത്. ജോര്‍ജ് പി മാത്യുവിന് ഇന്നലെ തന്നെ ജാമ്യം ലഭിച്ചു.
ഫെബ്രുവരി 28നുണ്ടായ വാഹനാപകടത്തിലാണ് അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജാസ്ലിയ മരിച്ചത്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയയെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ ജാസ്ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്ലിയയുടെ അവയവങ്ങള്‍ നാലു പേര്‍ക്കാണ് പുതുജീവനേകിയത്.



