Connect with us

Kerala

തിരുവല്ലക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാക്കൾ മരിച്ചു

എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ചതാണ് അപകട കാരണം

Published

|

Last Updated

തിരുവല്ല | നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലും കോണ്‍ക്രീറ്റ് വൈദ്യുതി തൂണിലും ഇടിച്ച ശേഷം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ ഓടിച്ച പെരിങ്ങര കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന്‍ ജയകൃഷ്ണന്‍(21), മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ മകന്‍ ഐബി പി രഞ്ജി (20) എന്നിവരാണ്  മരിച്ചത്. മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തു പരുക്കുകളോടെ രക്ഷപ്പെട്ടു.
കാവുംഭാഗം – മുത്തൂര്‍ റോഡില്‍ മന്നംകര ചിറ പാലത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ മൂവരും കാറില്‍ മുത്തൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ മന്നംകര ചിറ പാലത്തിലൂടെ എതിരെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് രക്ഷപ്പെട്ട അനന്തു പറഞ്ഞു. അനന്തു കാറില്‍ നിന്ന് പുറത്ത് തെറിച്ചതോടെ ബഹളമുണ്ടാക്കി. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിയും തടസ്സപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കൂരിരുട്ടില്‍ തപ്പി. ഒടുവില്‍ പോലീസിലും, അഗ്‌നിശമനസേനാ വിഭാഗത്തിലും വിവരം അറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ആഫീസര്‍മാരായ ടി എസ് അജിത് കുമാര്‍, കെ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാ വിഭാഗം എത്തി കുളത്തില്‍ നിന്ന് കാര്‍ കെട്ടിവലിച്ച് കരക്കെത്തിച്ച് അകത്തുണ്ടായ രണ്ട് പേരെ പുറത്തെടുക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരില്‍ രണ്ടാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജയകൃഷ്ണന്‍ മരിച്ചിരുന്നു. ഐബിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ പത്തരയോടെ മരിച്ചു. ജയകൃഷ്‌ന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ഐബിയുടെ സംസ്‌കാരം ഇന്ന് നടക്കും.
ഐബിയുടെ മാതാവ്: സൂസന്‍(കൊച്ചുമോള്‍).  എബി (ഗള്‍ഫ്) ഏക സഹോദരനാണ്.

 

Latest