Connect with us

Kerala

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ യുവാവിനെ കണ്ടെത്തി; അന്തേവാസിനിയായ മറ്റൊരു പെണ്‍കുട്ടി ചാടിപ്പോയി

കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട്  | കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ  കണ്ടെത്തി. അതേ സമയം 17കാരിയായ മറ്റൊരു അന്തേവാസിനി ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ട കാര്യം പുറത്തറിയുന്നത്. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടിരിക്കുന്നത്.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇയാള്‍ ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ശുചിമുറിയുടെ ജനല്‍ വഴിയാണ് ഇയാള്‍ പുറത്തു കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയില്‍നിന്ന് മകന്‍ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി കണ്ടെത്തിയത്.

ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോകുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിലാണ് സുരക്ഷാവീഴ്ച ആവര്‍ത്തിച്ചത്.

 

Latest