Prathivaram
ഉദ്വേഗത്തിന്റെ എഴുത്തുത്സവങ്ങൾ

ലോകം മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു ഇക്കഴിഞ്ഞ നവംബർ പതിമൂന്നിന് അന്തരിച്ച വിൽബർ സ്മിത്ത്. സാഹസിക രചനകളുടെ തമ്പുരാൻ എന്നാണ് അക്ഷരലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളുടെയും അപകടകരമായ സ്വർണഖനികളുടെയും പശ്ചാത്തലത്തിൽ മനുഷ്യജീവിതത്തിലെ അതിസാഹസികമായ മുഹൂർത്തങ്ങളെ തികഞ്ഞ നൈസർഗികതയോടെ അദ്ദേഹം ചിത്രീകരിച്ചു. നാൽപ്പത്തിയൊൻപത് പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളായിത്തീർന്ന അപൂർവമായൊരു വിജയഗാഥയാണ് വിൽബർ സ്മിത്തിന്റെ എഴുത്തുജീവിതത്തെ ഇത്രമേൽ ആകർഷകവും സഫലവുമാക്കുന്നത്.
വിൽബർ അഡിസൺ സ്മിത്ത് (Wilbur Addison Smith) 1933ൽ സാംബിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തിൽ ജനിച്ചു. കാടും മലനിരകളും പുൽമേടുകളും നിറഞ്ഞ അതിവിശാലമായ എസ്റ്റേറ്റിൽ പ്രകൃതിസ്നേഹത്തിന്റെ പാഠങ്ങൾ പഠിച്ചുകൊണ്ടു വളർന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാർ പുസ്തകങ്ങളായിരുന്നു. പ്രകൃതിയേയും പുസ്തകങ്ങളേയും സ്നേഹിക്കാൻ തനിക്ക് പ്രേരണയായത് അമ്മയാണെന്ന് അദ്ദേഹം ഒരിക്കൽ സൂചിപ്പിച്ചിരുന്നു. അതേസമയം, തികഞ്ഞ പ്രായോഗിക വാദിയും കർക്കശക്കാരനുമായ പിതാവ് മകന്റെ പുസ്തകപ്രേമം മുളയിലേ നുള്ളിക്കളയാനാണ് ശ്രമിച്ചത്. വായന ഒരു പ്രയോജനവും ചെയ്യാത്ത ഏർപ്പാടാണെന്നായിരുന്നു പിതാവിന്റെ ശക്തമായ അഭിപ്രായം. അതുകൊണ്ടുതന്നെ ഒരു ജോലി സമ്പാദിക്കാൻ അദ്ദേഹം മകനെ നിർബന്ധിച്ചുകൊണ്ടിരുന്നു. അതിനെത്തുടർന്നാണ് വിൽബർ ഒരു അക്കൗണ്ടന്റിന്റെ ജോലി സ്വീകരിക്കുന്നത്. എങ്കിലും പുസ്തകങ്ങളെ കൈവിടാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. ഒളിച്ചും പതുങ്ങിയുമായിരുന്നു അദ്ദേഹത്തിന്റെ വായന. വായനശാല കുളിമുറിയായിരുന്നു. തുടർന്ന് എഴുത്തിന്റെ മേഖലയിലേക്കും അദ്ദേഹം പ്രവേശിച്ചു. തന്റെ പിതാവിന്റെ അക്ഷരവൈരത്തെക്കുറിച്ച് പിൽക്കാലത്ത് ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ വിൽബർ സ്മിത്ത് ഇങ്ങനെ പറയുകയുണ്ടായി. “ജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹം പുസ്തകം വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ പുസ്‌തകങ്ങൾ പോലും അദ്ദേഹം വായിച്ചിട്ടില്ല.’
1962ൽ സ്മിത്ത് തന്റെ ആദ്യരചനയുടെ കൈയെഴുത്തുപ്രതി ഇരുപതോളം പ്രസാധകർക്ക് അയച്ചുകൊടുത്തെങ്കിലും എല്ലാവരും പ്രതിഷേധക്കുറിപ്പോടെ അത് മടക്കിയയച്ചു. തുടർന്ന്, “നിങ്ങൾക്ക് നന്നായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ചു മാത്രം എഴുതുക’ എന്ന ഒരു പ്രമുഖ പ്രസാധകന്റെ നിർദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹം എല്ലാം മാറ്റിയെഴുതിത്തുടങ്ങി.
അങ്ങനെയാണ് 1964ൽ ആദ്യ നോവൽ ” When the Lion Feeds’ വെളിച്ചം കാണുന്നത്. ഒരു വലിയ എസ്റ്റേറ്റിൽ വളരുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ നോവലിൽ യഥാർഥത്തിൽ സ്മിത്തിന്റെ ആത്മാംശങ്ങൾ തന്നെയാണ് പ്രകടമാകുന്നത്.
ആദ്യ നോവൽ ബെസ്റ്റ് സെല്ലറായതോടെ വിൽബർ സ്മിത്ത് നിരന്തരം എഴുത്തു തുടർന്നു. ആഫ്രിക്കൻ ചരിത്രത്തിലെ അതിപ്രധാന ഏടുകളായ അധിനിവേശത്തേയും കോളനിവാഴ്ചയേയും ആഭ്യന്തരകലാപങ്ങളേയും പശ്ചാത്തലമാക്കി മനുഷ്യജീവിതത്തിലെ അതിസാഹസികവും ഉദ്വേഗജനകവുമായ മുഹൂർത്തങ്ങളെ അദ്ദേഹം രചനകളിൽ ആവിഷ്കരിച്ചു. കടൽക്കൊള്ള, സ്വർണഖനനം, വജ്രക്കടത്ത് തുടങ്ങിയവയെ സംബന്ധിച്ച വിശദവും ഗംഭീരവുമായ ആഖ്യാനങ്ങൾകൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ അദ്ദേഹം അത്ഭുതസ്തബ്ധരാക്കി. അസാധാരണമായ ഈ വിഷയങ്ങളെ അതിശയോക്തിയും അതിഭാവുകത്വവും കലർത്താതെ അവതരിപ്പിക്കുന്നു എന്നതാണ് വിൽബർ സ്മിത്തിന്റെ രചനാതന്ത്രത്തെ വായനക്കാർക്കിടയിൽ ഇത്രമേൽ സ്വീകാര്യമാക്കുന്ന വസ്തുത. Legacy of War, Thunderbolt, Call of the Raven, King of Kings Ghost, The New Kingdom, The Dark of the Sun, Shout at the Devil, The Sunbird, Eagle in the Sky എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ രചനകൾ. എല്ലാം ബെസ്റ്റ് സെല്ലറുകൾ. വായനാലോകത്തെ അവ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.
2018ൽ വെളിച്ചം കണ്ട On Leopard Rock എന്ന ആത്മകഥയിൽ അതിസാഹസികത നിറഞ്ഞ തന്റെ ജീവിതം രചനകൾക്ക് ഇന്ധനം നൽകിയ കഥ അദ്ദേഹം പറയുന്നു. സിംഹങ്ങളുടെ അക്രമണമേറ്റതും ആഫ്രിക്കൻ കാടുകളിൽ വഴിതെറ്റിയതും സ്വർണഖനികളിലെ അപകടങ്ങൾ നിറഞ്ഞ തുരങ്കങ്ങളിലൂടെ ഇഴഞ്ഞുനീങ്ങിയതുമെല്ലാം അദ്ദേഹം വിവരിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ മുഴങ്ങുന്നത് ഭീതിയുടെയും ആകാംക്ഷയുടെയും പെരുമ്പറകളാണ്.
മുപ്പതിലധികം ഭാഷകളിലായി നൂറ്റിനാൽപ്പത് ദശലക്ഷം കോപ്പികളിൽ പരന്നുകിടക്കുന്ന അതിവിശാലമായൊരു അക്ഷരസമുദ്രമാണ് വിൽബർ സ്മിത്ത് എന്ന എഴുത്തുകാരന്റെ അരനൂറ്റാണ്ടു കാലത്തെ എഴുത്തുജീവിതം ലോകമെങ്ങുമുള്ള വായനക്കാർക്കുമുന്നിൽ തുറന്നിടുന്നത്. എൺപത്തിയെട്ട് വർഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ അസ്തമയ വേളയിലെപ്പോഴോ വിൽബർ സ്മിത്ത് ഇങ്ങനെ രേഖപ്പെടുത്തിയപ്പോൾ അത് അദ്ദേഹത്തിന്റെ എഴുത്തിനോടും ജീവിതത്തോടുമുള്ള ആഭിമുഖ്യത്തിന്റെ അസാധാരണമായൊരു വെളിപ്പെടുത്തൽകൂടിയായി മാറുകയായിരുന്നു.
“എന്റെ കഥകളിൽ ആഫ്രിക്കയുടെ ഗതകാല ചരിത്രത്തെയാണ് ഞാൻ വരച്ചിട്ടിരിക്കുന്നത്. കറുത്തവരുടെയും വെളുത്തവരുടെയും ജീവിതമുഹൂർത്തങ്ങളെ തികഞ്ഞ സത്യസന്ധതയോടെ ആവിഷ്കരിക്കുന്ന അവയെല്ലാം മനുഷ്യജീവിതത്തിന്റെ സാഹസിക ചിത്രങ്ങൾകൊണ്ട് നിറം പിടിപ്പിച്ചവയാണ്. സ്വർണവേട്ടയും വജ്രക്കടത്തും കവർച്ചയും കൊലപാതകവും പ്രതികാരദാഹവും നിറഞ്ഞ ജീവിതത്തിന്റെ ഇരുണ്ടതും കർക്കശവും കാലുഷ്യം നിറഞ്ഞതുമായ യാഥാർഥ്യങ്ങളാണ് എന്റെ മിക്ക രചനകളുടെയും പ്രധാന പ്രതിപാദ്യം. അവ വായനക്കാരെ ആശ്ചര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ തെളിവാണ് അവക്കു ലഭിച്ച അമ്പരപ്പിക്കുന്ന ജനപ്രീതി. ജനലക്ഷങ്ങൾക്ക് ആഹ്ലാദം നൽകിയ ഒരാളായി ഓർമിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’