Kerala
പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു
മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പാലക്കാട്|പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റൊരു മകള്‍ക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോള്‍ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. ഏറെ നാളായി ഉപയോഗിച്ചിട്ടില്ലാത്ത കാറാണ് പൊട്ടിത്തെറിച്ചത്.കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിതെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞു.
അപകടകാരണം കണ്ടെത്താനായി മോട്ടോര്‍ വാഹനവകുപ്പ്, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ കാലപഴക്കമായിരിക്കാം ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിച്ചത്. പൂര്‍ണ്ണമായും കത്തി നശിച്ച കാറില്‍ വിശദ പരിശോധന നടത്താന്‍ കഴിയില്ലെന്നും ചിറ്റൂരിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.