Uae
ഷാർജ ഫയ ചരിത്ര ഖനന ശേഷിപ്പിന് യുനെസ്‌കോ അംഗീകാരം
വരണ്ട പരിതസ്ഥിതികളിൽ ആദ്യകാല മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായതുമായ രേഖകളിൽ ഒന്നാണ് ഫയ പാലിയോലാൻഡ്സ്‌കേപ്പ്.

ഷാർജ | അറബ് ലോകത്ത് ഈ വർഷത്തെ ഏക പൈതൃക സ്ഥലമായി ഷാർജ ഫയയെ യുനെസ്‌കോ അംഗീകരിച്ചു. യു എ ഇയുടെ ചരിത്രപരമായ പ്രാധാന്യം ഉറപ്പിക്കുന്നതാണ് പ്രഖ്യാപനമെന്ന് ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റി അറിയിച്ചു. “ഫയ പാലിയോലാൻഡ്സ്‌കേപ് ലിഖിതം ആദ്യകാല മനുഷ്യ ചരിത്രത്തിന്റെ ഭാഗമായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്ന് മനുഷ്യരാശിയുടെ യാത്രയിൽ അറേബ്യൻ ഉപദ്വീപിന്റെ പങ്ക് എടുത്തുകാണിച്ചു. ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിക്കുന്ന തരത്തിൽ ഫയയെ സംരക്ഷിക്കുന്നു. പൂർവ്വികരുടെ പൈതൃകം സംരക്ഷിക്കുന്നതിനു ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്.’ 200,000 വർഷത്തിലേറെയായുള്ള ശേഷിപ്പാണ് ഇവിടെയുള്ളത്.
വരണ്ട പരിതസ്ഥിതികളിൽ ആദ്യകാല മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായതുമായ രേഖകളിൽ ഒന്നാണ് ഫയ പാലിയോലാൻഡ്സ്‌കേപ്പ്. ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റി ആഗോള വിദഗ്ധരുമായി സഹകരിച്ച് നടത്തിയ പുതിയ ഗവേഷണ, പുരാവസ്തു കണ്ടെത്തലുകൾ, ഫയ ആദ്യകാല മനുഷ്യവാസ കേന്ദ്രമായി പ്രവർത്തിച്ചിരുന്നുവെന്നും കുടിയേറ്റത്തിനുള്ള ഒരു സംക്രമണ കേന്ദ്രം മാത്രമല്ലെന്നും തെളിയിക്കുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ, ശാസ്ത്രജ്ഞർ ഫയ സൈറ്റ് ഖനനം ചെയ്തുവരുന്നു. ഭൂമിയുടെ 18 വ്യത്യസ്ത പുരാവസ്തു പാളികൾ ഇവിടെ കണ്ടെത്തി. അവ ഓരോന്നും വ്യത്യസ്ത മനുഷ്യ പ്രവർത്തന കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. പാരീസിൽ 47-ാമത് വാർഷിക യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് ഷാർജയുടെ ഫയ പാലിയോലാൻഡ്സ്‌കേപ്പിനെ അതിന്റെ അഭിമാനകരമായ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഫയ പാലിയോലാൻഡ്സ്‌കേപ്പ് കേടുകൂടാത്ത ഫോസിൽ മരുഭൂമി ഭൂപ്രകൃതിയാണ്. 2011-ൽ “ദി കൾച്ചറൽ സൈറ്റസ് ഓഫ് അൽ ഐൻ’ എന്ന സ്ഥാപനത്തിന് ശേഷം, യു എ ഇയിൽ ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമാണ് ഫയ. അറബ് മേഖലയിലുടനീളം നിലവിൽ 96 യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇവ 18 വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ആഗോള ആവാസ വ്യവസ്ഥകളുടെ 20 ശതമാനം മരുഭൂമിയാണ്.