Kerala
കീമിൽ കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്
പുതിയ റാങ്ക് ലിസ്റ്റോടെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം | പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്. ആദ്യം ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതോടെയാണ് കോടതി കയറുന്നത്. സർക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവർത്തിക്കുന്നത്.
ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടതോടെ ഈ മാസം പത്തിനാണ് പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സി ബി എസ് ഇ വിദ്യാർഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനമുള്ളത്.