Kerala
പാലക്കാട്ടെ കാര്‍ പൊട്ടിത്തെറി: രണ്ട് കുട്ടികൾ മരിച്ചു
മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

പാലക്കാട് | പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് പരേതനായ മാര്‍ട്ടിൻ- എൽസി എന്നിവരുടെ മക്കളായ എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവരാണ് മരിച്ചത്. എൽസി മാർട്ടിനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. 90 ശതമാനത്തിലധികം പൊള്ളലേറ്റ മൂവരും എറണാകുളത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു.
ഇന്നലെ വൈകിട്ട് നാലോടെ കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറിൽ കയറിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്ത് കുട്ടികളും എൽസിയും വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാറിന്റെ പിൻവശത്ത് തീ ഉയർന്നു പൂർണമായും കത്തി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എൽസി മാർട്ടിൻ.
ഏറെ നാളായി ഉപയോഗിക്കാത്ത കാറാണ് പൊട്ടിത്തെറിച്ചത്.കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണം വന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നും കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞു.