Uae
ദുബൈയിൽ ആദ്യമായി ഒരു എ ഐ ഷെഫ് റസ്റ്റോറന്റ് ആരംഭിക്കുന്നു
മെനു മുതൽ സേവനം വരെ എല്ലാം "ഷെഫ് ഐമാൻ' എന്ന പാചക - ഭാഷാ മോഡൽ രൂപകൽപ്പന ചെയ്യും.

ദുബൈ | സെൻട്രൽ ദു ബൈയിൽ “ഭാവിയുടെ ഭക്ഷണശാല’ എന്ന് വിശേഷിപ്പിക്കുന്ന വൂഹൂ എന്ന റസ്റ്റോറന്റ്സെപ്തംബറിൽ തുറക്കും. വൂഹൂവിലെ ഭക്ഷണം മനുഷ്യർ തന്നെയായിരിക്കും തയ്യാറാക്കുക. എന്നാൽ മെനു മുതൽ സേവനം വരെ എല്ലാം “ഷെഫ് ഐമാൻ’ എന്ന പാചക – ഭാഷാ മോഡൽ രൂപകൽപ്പന ചെയ്യും. എ ഐയും മനുഷ്യനും ചേർന്ന പേരായ ഐമാൻ ദശകങ്ങളായുള്ള ഭക്ഷ്യ ശാസ്ത്ര ഗവേഷണം, തന്മാത്രാ ഘടന ഡാറ്റ, ലോകമെമ്പാടുമുള്ള പാചക പാരമ്പര്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പാചകക്കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് പരിശീലനം നേടിയതാണെന്ന് വൂഹൂവിന്റെ സ്ഥാപകരിലൊരാളായ അഹ്‌മദ് ഒയ്തുൻ കക്കിർ പറഞ്ഞു.
ഒരു സാധാരണ ഷെഫിനെപ്പോലെ രുചിക്കാനോ മണക്കാനോ ഐമന് സാധിക്കില്ലെങ്കിലും പാചകരീതിയെ അതിന്റെ ഘടകങ്ങളായ ടെക്‌സ്ചർ, അസിഡിറ്റി, ഉമാമി എന്നിങ്ങനെ വിഭജിച്ച് അസാധാരണമായ രുചികളും ചേരുവകളും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ദുബൈയിലെ പ്രശസ്ത ഷെഫ് റീഫ് ഉസ്മാന്റെ നേതൃത്വത്തിൽ ഈ പ്രോട്ടോടൈപ്പുകൾ പിന്നീട് മനുഷ്യ പാചകക്കാർ പരിഷ്‌കരിക്കുകയും രുചിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.