International
പണപ്പൊലിമയുടെ ലോകകപ്പ്: ഖത്വര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍
പുതിയ സ്റ്റേഡിയങ്ങള്‍, മെട്രോ സംവിധാനം, അന്താരാഷ്ട്ര വിമാനത്താവളം, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവക്കാണ് പണം ചെലവഴിച്ചത്.

ദോഹ | അറബ് രാജ്യത്തേക്ക് വിരുന്നെത്തിയ ആദ്യ ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ ആതിഥേയരായ ഖത്വര്‍ ചെലവഴിച്ചത് 220 ബില്യണ്‍ ഡോളര്‍. പുതിയ സ്റ്റേഡിയങ്ങള്‍, മെട്രോ സംവിധാനം, അന്താരാഷ്ട്ര വിമാനത്താവളം, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവക്കാണ് കൂടുതലായും പണം ചെലവഴിച്ചത്. പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ ദോഹയിലേക്കുള്ള ഹൈവേയില്‍ ഈന്തപ്പനയുടെ മാതൃകയിലുള്ള തെരുവ് വിളക്കുകളും നിയോണ്‍ ഓഫീസ് ബ്ലോക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. ഒരു അറബ് രാഷ്ട്രത്തില്‍ നടക്കുന്ന ആദ്യ ലോകകപ്പ് തിളക്കമുള്ളതാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഖത്വര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ലോകകപ്പിന്റെ എട്ട് വേദികളില്‍ ഏഴെണ്ണവും ഖത്വര്‍ പുതുതായി നിര്‍മിച്ചതാണ്. 6.5 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചുള്ള മിന്നുന്ന പുതിയ സ്റ്റേഡിയങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഭാവിയില്‍ യൂറോപ്പ ലീഗോ ചാമ്പ്യന്‍സ് ലീഗോ പോലുള്ള പ്രധാന യൂറോപ്യന്‍ ഫൈനലുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള സാധ്യതയാണ് ഖത്വര്‍ ലക്ഷ്യമിടുന്നത്.
2018 ലെ അവസാന ലോകകപ്പ് മത്സരങ്ങള്‍ 11 നഗരങ്ങളിലായി 12 വേദികളിലായിരുന്നു. 32 ടീമുകള്‍ മാറ്റുരച്ച മത്സരത്തിനായി 14.2 ബില്യണ്‍ ഡോളറാണ് ചെലവിട്ടത്. ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന വികസന പദ്ധതികള്‍ക്കുമാണ് പണം ചെലവഴിച്ചത്.
2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്വര്‍ ലോകകപ്പ്. 3.1 ദശലക്ഷം ടിക്കറ്റുകളില്‍ 2.9 ദശലക്ഷവും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 2.8 ദശലക്ഷം ജനസംഖ്യയുള്ള ഖത്വര്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണെന്ന് ലോകകപ്പിനെക്കുറിച്ചുള്ള ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഖത്വറിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയിലെ വിസിറ്റിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡാനിയേല്‍ റീച്ചിന്റെ പറഞ്ഞു. അറബിക് പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിക്കാട്ടുന്ന ഖത്വറിന്റെ ഒരുക്കങ്ങളെയും എട്ട് സ്റ്റേഡിയങ്ങളെയും ഫിഫ പ്രത്യേകം പ്രശംസിച്ചു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്വര്‍ ലോകകപ്പ് നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയിലാക്കിയതായി ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഫുട്‌ബോള്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റായ കീറന്‍ മഗ്വേര്‍ പറഞ്ഞു. ഇത് വാണിജ്യപരമായി നഷ്ടമുണ്ടാക്കുമെങ്കിലും വാതക സമ്പന്നമായ രാജ്യത്തിന്റെ വിശാലമായ ഊര്‍ജ സമ്പത്ത് കണക്കിലെടുക്കുമ്പോള്‍ ഖത്വറിനെ സംബന്ധിച്ചിടത്തോളം ഇത് കാര്യമായ ആശങ്കക്ക് ഇടയാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്വര്‍ വിഷന്‍ 2030 എന്നറിയപ്പെടുന്ന ഗള്‍ഫ് രാജ്യത്തിന്റെ വിശാലമായ പൊതു നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗം തുകയും. 2002-ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിന് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ മാമാങ്കം കൂടിയാണിത്. ഖത്വര്‍ ദേശീയ ദിനമായ 2022 ഡിസംബര്‍ 18 നാണ് ഫൈനല്‍ നടക്കുക. 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് പരാജയപ്പെടുത്തി ഫ്രാന്‍സാണ് കപ്പ് നേടിയിരുന്നത്.
നവംബര്‍ 20ന് അല്‍ഖോര്‍ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്വര്‍ ഇക്വഡോറിനെ നേരിടുന്നതോടെയാണ് 2022 ലെ ഫിഫ ലോകകപ്പിന് തുടക്കമാവുക. ആതിഥേയരെന്ന ഖ്യാതിക്കൊപ്പം ഫുട്‌ബോള്‍ ആരാധകരുടെ മുന്‍പില്‍ മൈതാനത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഖത്വര്‍ ടീം.