Ongoing News
ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
99 റണ്‍സിനാണ് ഇന്ത്യന്‍ ജയം

ഇന്‍ഡോര്‍ | ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. മഴയെ തുടര്‍ന്നു ഡെക്ക്വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചു 99 റണ്‍സിനാണ് ഇന്ത്യന്‍ ജയം.പുതുക്കി തീരുമാനിച്ച വിജയ ലക്ഷ്യമായ 33 ഓവറില്‍ 317 റണ്‍സിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയയുടെ പോരാട്ടം 217 റണ്‍സില്‍ അവസാനിച്ചു.
സമയം നഷ്ടമായതിനാല്‍ ഓസ്‌ട്രേലിയയുടെ വിജയ ലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് സ്വന്തമാക്കിയത്.ഓസീസിനായി ഡേവിഡ് വാര്‍ണര്‍, സീന്‍ അബ്ബോട്ട് എന്നിവര്‍ മാത്രമാണ് പൊരുതിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. വാര്‍ണര്‍ 53 റണ്‍സും അബ്ബോട്ട് 54 റണ്‍സും എടുത്തു.
.ഇന്ത്യക്കായി അശ്വിന്‍, ജഡേജ ദ്വയം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും എടുത്തു. സെഞ്ച്വറികളുമായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തുടങ്ങി വച്ച വെടിക്കെട്ട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഏറ്റെടുത്തതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
36 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം സൂര്യ കുമാര്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ 13 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. ശ്രേയസ് 90 പന്തില്‍ 105 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി. സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിച്ചത്