Connect with us

National

രാജസ്ഥാനില്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രിക്ക് പുറത്തു പ്രസവിച്ചു; മൂന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു.

Published

|

Last Updated

ജയ്പൂര്‍|രാജസ്ഥാനിലെ കണ്‍വതിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ കണ്‍വതിയ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ കണ്‍വതിയയില്‍ തന്നെ യുവതിയെ പ്രവേശിപ്പിക്കണമെന്ന് ഭര്‍ത്താവ് അശോക് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് അശോകും ആശുപത്രി ജീവനക്കാരും തമ്മില്‍ വഴക്കായി. മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സും ജീവനക്കാര്‍ നല്‍കിയില്ല. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ആശുപത്രി കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ ജീവനക്കാര്‍ യുവതിയെ വനിതാ വാര്‍ഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിവില്‍ ലൈന്‍സ് എം.എല്‍.എ ഗോപാല്‍ ശര്‍മ ആശുപത്രിയിലെത്തി സൂപ്രണ്ട് രാജേന്ദ്ര സിംഗ് തന്‍വാറിനെ കാണുകയും ജീവനക്കാരുടെ നിലപാടിനെതിരെ പ്രതികരിക്കുകയും ചെയ്തു.