Connect with us

Kerala

മേപ്പാടിയില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ആണ് അപകടമുണ്ടായത്.

Published

|

Last Updated

വയനാട്|വയനാട് മേപ്പാടിയിലെ 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച കേസില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍. എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്‌സ് റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെന്റ് തകര്‍ന്ന് വീണ് മലപ്പുറം സ്വദേശിയായ നിഷ്മ മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകര്‍ന്നു വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുകയായിരുന്നു നിഷ്മ.

ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.