Connect with us

Alappuzha

യുവതി പോലീസ് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത സംഭവം: കാമുകിയുടെ പങ്ക് തെളിയിച്ച് സി സി ടി വി ദൃശ്യങ്ങൾ

നജ്‌ലയുമായി വഴക്കിടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്

Published

|

Last Updated

ആലപ്പുഴ | പോലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകിക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന സി സി ടി വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. റെനീസിന്റെ കാമുകി, കൂട്ടമരണം നടക്കുന്നതിന് തൊട്ടു മുമ്പ് ക്വാർട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഭാര്യ അറിയാതെ റെനീസ് ക്വാർട്ടേഴ്‌സിനകത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയിൽ നിന്നാണ് ഫോറൻസിക് വിഭാഗം ഈ ദൃശ്യങ്ങൾ വീണ്ടെടുത്തത്. റെനീസിന്റെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടർന്നാണ് നജ്‌ല ആത്മഹത്യ ചെയ്തതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ശരിവെക്കുന്നതാണ് ഈ തെളിവുകൾ.

കഴിഞ്ഞ മെയ് ഒമ്പതിനാണ് മക്കളായ ടിപ്പുസുൽത്താൻ (അഞ്ച്), മലാല (ഒന്നേകാൽ) എന്നിവരെ കൊന്ന് നജ്‌ല (27) എ ആർ ക്യാമ്പ് പോലീസ് ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തത്. റെനീസിന്റെ ബന്ധു കൂടിയായ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് പോലീസ് ക്വാർട്ടേഴ്‌സിൽ രഹസ്യമായി സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ ഈ ക്യാമറയിൽ നിന്ന് കണ്ടെത്തിയത് നിർണായക ദൃശ്യങ്ങളാണ്.

ആത്മഹത്യ നടന്ന ദിവസം വൈകിട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിലെത്തിയതിന്റെ ദൃശ്യങ്ങളാണിത്. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കാൻ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്‌ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാർട്ടേഴ്‌സിൽ നിന്ന് മടങ്ങിപ്പോയി. ഇതിന് ശേഷമാണ് നജ്‌ല പിഞ്ചുമക്കളെ കൊന്ന ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്നത്. സി സി ടി വി ക്യാമറ റെനീസിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. സംഭവ സമയത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ പോലീസ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്.

ആത്മഹത്യ ഉൾപ്പെടെ വീട്ടിൽ നടക്കുന്നതെല്ലാം റെനീസ് ഫോണിൽ തത്സമയം കണ്ടിരിക്കാമെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ മരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ക്വാർട്ടേഴ്സിൽ വരുമ്പോൾ മാത്രമാണ് റെനീസ് ഭാര്യയുടെയും മക്കളുടെയും മരണം അറിയുന്നത്. ആലപ്പുഴ എസ് പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

---- facebook comment plugin here -----

Latest