Connect with us

Eduline

പരീക്ഷക്കായി തയ്യാറെടുക്കാം

നിങ്ങൾ പരീക്ഷ അടുത്തിരിക്കുന്ന വിദ്യാർഥി ആണെങ്കിൽ വളരെ ശ്രദ്ധയോടെ പഠനത്തെ കൈകാര്യം ചെയ്യണം.

Published

|

Last Updated

നീറ്റ്, കീം, ജെ ഇ ഇ, സി യു ഇ ടി യു ജി തുടങ്ങി നിരവധി പരീക്ഷകളുടെ കാലമാണ് ഇനി. പരീക്ഷകളിൽ വിജയിക്കണമെങ്കിൽ ശ്രദ്ധ വ്യതിചലിക്കാതെ സമഗ്രമായ പഠനം ആവശ്യമാണ്. ഇത്തരം പഠനത്തിന് എങ്ങനെ തയ്യാറെടുക്കാമെന്ന് നമുക്ക് നോക്കാം. പരീക്ഷ എന്തുതന്നെയായാലും തുടക്കം മുതൽ മനസ്സിരുത്തി പഠിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യം. നിങ്ങൾ പരീക്ഷ അടുത്തിരിക്കുന്ന വിദ്യാർഥി ആണെങ്കിൽ വളരെ ശ്രദ്ധയോടെ പഠനത്തെ കൈകാര്യം ചെയ്യണം. ഇന്നത്തെ എജ്യുലൈനിൽ മോശം പഠനരീതിയെയും മികച്ച പഠനരീതിയെയും കുറിച്ച് ചർച്ച ചെയ്യാം.

മോശം പഠനശീലങ്ങൾ

  • കുറിപ്പുകൾ വീണ്ടും വായിക്കുന്നത്: ചിലർക്ക് ഇത് നല്ല ആശയമായിരിക്കാം. എന്നാൽ, യഥാർഥത്തിൽ കുറിപ്പുകൾ വീണ്ടും വായിക്കുന്നത് നിങ്ങളുടെ തലച്ചോറിൽ വാക്കുകൾ മാത്രം പതിയുന്നതിന് കാരണമാകുന്നു. ഇത് മനസ്സിലാക്കിയുള്ള പഠനത്തിൽ എത്താറില്ല.
  • മുഴുവൻ പുസ്തകവും വായിക്കുക: ഇത് നിങ്ങൾക്ക് എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? പ്രധാന പോയിന്റുകൾ കണ്ടെത്തി പഠിക്കാൻ ശ്രമിക്കുന്നതിന് പകരം പുസ്തകം മുഴുവൻ വായിക്കേണ്ടി വരുന്നത് സമയനഷ്ടത്തിനിടയാക്കുന്നു.
  • ഇടവേളയില്ലാതെ വളരെ നേരം പഠിക്കുക: ഇത് അക്ഷീണ പരിശ്രമം പോലെ തോന്നിയേക്കാം. ഇങ്ങനെ പഠിക്കുന്നത് സംശയങ്ങൾക്കും പഠിച്ചത് ഓർമയിൽ നിൽക്കാതെ വരുന്നതിനും കാരണമാകും. പഠനത്തിന് ഇടക്ക് 10-20 മിനുട്ട് ഇടവേളകൾ എടുക്കണം.
  • രാത്രി വൈകിയുള്ള പഠനം: പരീക്ഷക്ക് ദിവസങ്ങൾ/മണിക്കൂറുകൾ മാത്രം മുമ്പ് പഠിക്കാൻ തുടങ്ങുന്ന വിദ്യാർഥികൾ രാത്രി വൈകിയും പഠിക്കാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഇത് ഓർമക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
  • പരിശീലിക്കാതെ പഠന വീഡിയോകൾ കാണുന്നു: മൊബൈൽ ഫോണുകൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്നതിനാൽ, അവർ യൂട്യൂബ് വീഡിയോകൾ വഴി പഠിക്കാൻ തുടങ്ങിയിരിക്കുന്നു. മികച്ച ഗ്രാഹ്യത്തിനായി കേട്ട കാര്യങ്ങൾ പരിശീലിക്കണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പലപ്പോഴും പഠനം ശരിയായ ദിശയിലെത്താതിരിക്കാൻ കാരണമാകുന്നു.

മികച്ച പഠന ശീലങ്ങൾ

സജീവമായ ഓർമപ്പെടുത്തൽ: ആശയം മനസ്സിലാക്കിയ ശേഷം, ഒരു നിമിഷം പഠിച്ച വിഷയത്തെ കുറിച്ച് ഓർമിക്കാൻ ശ്രമിക്കുക. നിങ്ങൾ എത്രമാത്രം അത് ശരിയായി മനസിലാക്കി എന്ന് വിലയിരുത്താനാകും.

ആവർത്തനം: നിങ്ങൾ പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ, ഇടവേളകളിൽ പഠിച്ച വിവരങ്ങൾ അവലോകനം ചെയ്യുക.

മറ്റൊരാളെ (അല്ലെങ്കിൽ സ്വയം ഉറക്കെ പഠിപ്പിക്കുക): ഉച്ചത്തിൽ പഠിക്കാനോ സ്വയം പഠിപ്പിക്കാനോ ശ്രമിക്കുന്നത് പഠിച്ച ആശയങ്ങൾ മനസ്സിൽ നിലനിർത്താൻ സഹായിക്കും.

പരീക്ഷാതല പരിശീലന ചോദ്യങ്ങൾ: പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് മുൻ വർഷത്തെ ചോദ്യപേപ്പർ പരിശീലിക്കുന്നത് വളരെ ഉചിതമാണ്.

തെറ്റ് വിശകലനം ചെയ്യുക: വിദ്യാർഥികൾ പലപ്പോഴും അവരുടെ തെറ്റുകൾ ഒഴിവാക്കാൻ പ്രവണത കാണിക്കുന്നു. അത് പിന്നീട് നഷ്ടം വരുത്തുന്നു. തെറ്റ് വന്നിട്ടുണ്ടെങ്കിൽ അത് എന്തുകൊണ്ട് സംഭവിച്ചുവെന്നും എങ്ങനെ ഒഴിവാക്കാമെന്നും കണ്ടെത്തുക.

ഉറക്കം: രാത്രി മുഴുവൻ പുസ്തകങ്ങൾ തിരക്കിട്ട് പഠിച്ച് ഉറക്കം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. മുകളിൽ സൂചിപ്പിച്ച വിദ്യകൾ പിന്തുടർന്ന ശേഷം പരീക്ഷയെ അഭിമുഖീകരിക്കുക, വിജയം കൈവരിക്കുക.

Latest