Connect with us

Eduline

വിദേശ പഠനം മാതാപിതാക്കൾ ശ്രദ്ധിക്കുക

അക്കാദമിക് നിലവാരം, ഭാവി കരിയർ സാധ്യതകൾ, സുരക്ഷ, പണത്തിന്റെ മൂല്യം, വൈകാരിക ക്ഷേമം എന്നിവ ഉറപ്പാക്കുക എന്നതാണ് മാതാപിതാക്കളെ കുഴക്കുന്ന കാര്യം.

Published

|

Last Updated

ഹാമാരിക്ക് ശേഷം ആഗോള വിദ്യാഭ്യാസം അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് നിർണായക വർഷമാണ്.

വിവിധ രാജ്യങ്ങളിൽ സ്കോളർഷിപ്പോടെ മികച്ച സർവകലാശാലകൾ വിദ്യാർഥികളെ ക്ഷണിക്കുന്പോൾ ശരിയായത് തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളും വിദ്യാർഥികളും ആശങ്കാകുലരാണ്. അക്കാദമിക് നിലവാരം, ഭാവി കരിയർ സാധ്യതകൾ, സുരക്ഷ, പണത്തിന്റെ മൂല്യം, വൈകാരിക ക്ഷേമം എന്നിവ ഉറപ്പാക്കുക എന്നതാണ് മാതാപിതാക്കളെ കുഴക്കുന്ന കാര്യം.
തങ്ങളുടെ കുട്ടിക്കായി മികച്ച സർവകലാശാല തിരഞ്ഞെടുക്കുന്നതിന് മുമ്പ് മാതാപിതാക്കൾ ചിലത് പരിഗണിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

അക്കാദമിക് മികവും പ്രോഗ്രാമിന്റെ ഗുണനിലവാരവും

മാതാപിതാക്കൾ പലപ്പോഴും റാങ്കിംഗും പ്രശസ്തിയുമാണ് വിലയിരുത്താറുള്ളത്. എന്നാൽ, ഈ വർഷം റാങ്കിംഗിനേക്കാൾ പ്രോഗ്രാമിനാണ് പ്രാധാന്യം നൽകേണ്ടത്. ഒരു സർവകലാശാല ആഗോളതലത്തിൽ പ്രശസ്തമായിരിക്കാം, എന്നാൽ, കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാർഥി ഉദ്ദേശിച്ച പഠനമേഖലയിൽ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കുക

  • വിഷയാടിസ്ഥാനത്തിലുള്ള റാങ്കിംഗുകളും ഫാക്കൽറ്റി യോഗ്യതകളും അവലോകനം ചെയ്യുക.
  • വ്യവസായ സഹകരണങ്ങൾ, ഗവേഷണ അവസരങ്ങൾ, വ്യക്തിഗത അനുഭവങ്ങൾ എന്നിവ മനസ്സിലാക്കുക.
  • അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പരിശോധിക്കുക.
  • ഭാവിയിലെ തൊഴിൽ പ്രവണതകളുമായി സർവകലാശാലയിലെ പാഠ്യപദ്ധതി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക

സാമ്പത്തിക ആസൂത്രണം

വിദേശ പഠനം പലപ്പോഴും സാമ്പത്തിക ബാധ്യതയാകാറുണ്ട്. ഇതിന് സുതാര്യമായ ബജറ്റിംഗ് അത്യാവശ്യമാണ്. ട്യൂഷൻ ഫീസുകൾക്കപ്പുറം, മാതാപിതാക്കൾ ഇവക്കായി തയ്യാറെടുക്കണം

  • ജീവിതച്ചെലവുകൾ (വാടക, ഭക്ഷണം, ഗതാഗതം)
  • ഇൻഷ്വറൻസ്, ആരോഗ്യ സംരക്ഷണ ചെലവുകൾ
  • പഠന സാമഗ്രികളും സാങ്കേതിക ആവശ്യങ്ങളും
  • യാത്രാ, അടിയന്തര ഫണ്ടുകൾ
  • വിസ, ഇമിഗ്രേഷൻ അപേക്ഷാ ഫീസ്

പല രാജ്യത്തും സ്ഥലത്തെ ആശ്രയിച്ച് ജീവിതച്ചെലവുകൾ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഉദാഹരണത്തിന്, ലണ്ടൻ, ന്യൂയോർക്ക്, സിഡ്‌നി പോലുള്ള നഗരങ്ങൾക്ക് സാധാരണയായി ചെറിയ സർവകലാശാലാ പട്ടണങ്ങളെ അപേക്ഷിച്ച് ഉയർന്ന ജീവിതച്ചെലവുണ്ട്.

സ്‌കോളർഷിപ്പുകൾ, ഗ്രാന്റുകൾ, അസ്സിസ്റ്റന്റ്ഷിപ്പുകൾ എന്നിവയെക്കുറിച്ച് നേരത്തേ മനസ്സിലാക്കുന്നത് സാമ്പത്തിക ബാധ്യത ലഘൂകരിക്കും.

സർവകലാശാലകൾ പലപ്പോഴും അവരുടെ സ്കോളർഷിപ്പുകൾ വർഷം തോറും അപ്ഡേറ്റ് ചെയ്യാറുണ്ട്. അതിനാൽ വിവിധ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുന്നത് ഭാവിയിൽ ഉപകാരപ്രദമാകും.

കരിയറും പഠനാനന്തര ജോലി സാധ്യതകളും

മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് പഠന ശേഷമുള്ള ജോലി സാധ്യതകളെ സംബന്ധിച്ചാണ്. ഒരു സർവകലാശാലയെ വിലയിരുത്തുമ്പോൾ, മാതാപിതാക്കൾ ഇവ ഗൗരവത്തിലെടുക്കണം.

  • പഠിക്കുന്ന കോഴ്സിന്റെ ജോലി സാധ്യതകളും ആരംഭ ശമ്പളവും
  • കോഴ്സ് വർക്കുമായി സംയോജിപ്പിച്ച ഇന്റേൺഷിപ്പ്
  • ബിരുദാനന്തര വർക്ക് വിസകളും ജോലി സാധ്യതകളും വ്യവസ്ഥകളും അന്വേഷിക്കണം.

കാനഡ, ജർമനി, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പോസ്റ്റ്-സ്റ്റഡി വർക്ക്ന നയങ്ങളുണ്ട്.ഇക്കാര്യം ശ്രദ്ധിച്ചാൽ കരിയർ മെച്ചപ്പെടുത്താം.

സുരക്ഷ

തങ്ങളുടെ കുട്ടിക്ക് വിദേശ രാജ്യത്ത് സുരക്ഷിതത്വം ലഭിക്കുമോയെന്ന് മാതാപിതാക്കൾ ആശങ്കപ്പെടാറുണ്ട്. സർവകലാശാല തിരഞ്ഞെടുക്കുന്പോൾ ഇതും പരിഗണിക്കണം. ഈ വർഷം സർവകലാശാലകൾ സമഗ്രമായ വിദ്യാർഥി ക്ഷേമത്തിന് ഊന്നൽ നൽകുന്നുണ്ട്. പ്രാദേശിക കുറ്റകൃത്യ നിരക്കുകൾ, സാംസ്‌കാരിക മനോഭാവങ്ങൾ, ഗതാഗത സുരക്ഷ, താമസ സൗകര്യം എന്നിവ മനസ്സിലാക്കുന്നത് മാതാപിതാക്കളെ ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു.

സാംസ്‌കാരികവും ക്യാമ്പസ് ജീവിതവും

വിദേശ പഠനം അക്കാദമിക് മാത്രമല്ല, അത് ബന്ധങ്ങൾ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. നല്ല അക്കാദമിക് നിലവാരം പുലർത്തുന്ന സൗഹൃദാന്തരീക്ഷ ക്യാന്പസുകൾ തിരഞ്ഞെടുക്കുക.

വിസാ നടപടികൾ

ഇമിഗ്രേഷൻ നിയമങ്ങളും വിസാ പ്രോസസ്സിംഗ് സമയക്രമങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കൾ ഇനിപറയുന്ന കാര്യങ്ങളിൽ അപ്ഡേറ്റ് ചെയ്തിരിക്കണം.

  • വിദ്യാർഥി വിസാ നയങ്ങളും ഡോക്യുമെന്റേഷനും
  • പഠനത്തിനിടയിലെ ജോലി നിയന്ത്രണങ്ങൾ
  • യാത്രാ നിയന്ത്രണങ്ങൾ അല്ലെങ്കിൽ നിർബന്ധിത ആരോഗ്യ പ്രോട്ടോകോളുകൾ.
  • ആശ്രിതർക്കുള്ള ആവശ്യകതകൾ

കാലതാമസമോ അപൂർണമായ പേപ്പർവർക്കുകളോ പ്രവേശന സമയക്രമങ്ങളെ തടസ്സപ്പെടുത്തും. അതിനാൽ വിദ്യാഭ്യാസ കൗൺസിലർമാരിൽ നിന്നോ ഇമിഗ്രേഷൻ കൺസൾട്ടന്റുമാരിൽ നിന്നോ മുൻകൈയെടുത്ത് ആസൂത്രണം ചെയ്യുന്നതും വിദഗ്‌ധ മാർഗനിർദേശം സ്വീകരിക്കുന്നതും ഉപകാരപ്രദമാകും.

സാങ്കേതികതയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും

വിദ്യാഭ്യാസം ഇന്ന് ഡിജിറ്റൽ കാലഘട്ടത്തിലേക്ക് പരിണമിച്ചിരിക്കുകയാണ്. അതിനാൽ ഇന്നത്തെ വിദ്യാർഥികൾക്ക് താഴെ പറയുന്ന കാര്യങ്ങൾ അത്യാവശ്യമാണ്.

  • ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകൾ
  • ഡിജിറ്റൽ ലൈബ്രറികളും ഗവേഷണ ഉപകരണങ്ങളും
  • സുരക്ഷിത കണക്റ്റിവിറ്റിയും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ക്ലാസ്സ് മുറികളും

നേരിട്ടുള്ള പഠനത്തിനും ഹൈബ്രിഡ് പഠനത്തിനും പിന്തുണ നൽകുന്ന ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സർവകലാശാലയിലുണ്ടോയെന്ന് മാതാപിതാക്കൾ വിലയിരുത്തണം.

വിദേശത്ത് മികച്ച സർവകലാശാല തിരഞ്ഞെടുക്കുന്നത് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സാഹസിക യാത്രയാണ്. ഉപദേഷ്ടാക്കൾ, ആസൂത്രകർ എന്നീ നിലകളിൽ മാതാപിതാക്കൾ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ വിദ്യാർഥിയുടെ അഭിലാഷങ്ങൾ, താത്പര്യങ്ങൾ, സ്വാതന്ത്ര്യബോധം എന്നിവ പരിഗണിച്ച് വേണം തീരുമാനമെടുക്കാൻ.അക്കാദമിക് നിലവാരം, സാമ്പത്തിക സാധ്യത, കരിയർ സന്നദ്ധത, സുരക്ഷ, സാംസ്‌കാരികം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കുട്ടികൾക്ക് മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസം നൽകാനാകും.

Latest