Connect with us

From the print

കരുത്തും കരുതലുമായി ന്യൂനപക്ഷങ്ങള്‍ക്കൊപ്പം

വിദ്യാഭ്യാസ അവകാശങ്ങളും സംവരണവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സാധിച്ചിട്ടുണ്ട്. കോടതികളില്‍ പോയി കേസ് നടത്താന്‍ പ്രാപ്തിയില്ലാത്ത ന്യൂനപക്ഷ വിഭാഗത്തിലെ സാധാരണക്കാര്‍ക്ക് നീതിയുടെ പൊന്‍കിരണമായി കമ്മീഷന്‍ എന്നും കൂടെത്തന്നെ നിന്നിട്ടുണ്ട്.

Published

|

Last Updated

നീതി നിഷേധിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ അഭയകേന്ദ്രമായി മാറിയ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കൃതമായിട്ട് പത്ത് സുവര്‍ണ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴില്‍ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിച്ച് 2013 മെയ് 15ാം തീയതി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷ സമൂഹം അധിവസിക്കുന്ന കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് പ്രഥമ സ്ഥാനമാണുള്ളത്.
സംസ്ഥാനത്തെ നാല്‍പ്പത്താറ് ശതമാനം വരുന്ന ന്യൂനപക്ഷങ്ങളില്‍ 26 ശതമാനം മുസ്‌ലിംകളും 18 ശതമാനം ക്രിസ്ത്യന്‍ സമുദായാംഗങ്ങളും രണ്ട് ശതമാനം ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളുമാണുള്ളത്. ജീവിതത്തിന്റെ നിരവധിയായ സങ്കീര്‍ണതകളാണ് ഈ സമൂഹങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശങ്ങളും സംവരണവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സാധിച്ചിട്ടുണ്ട്. കോടതികളില്‍ പോയി കേസ് നടത്താന്‍ പ്രാപ്തിയില്ലാത്ത ന്യൂനപക്ഷ വിഭാഗത്തിലെ സാധാരണക്കാര്‍ക്ക് നീതിയുടെ പൊന്‍കിരണമായി കമ്മീഷന്‍ എന്നും കൂടെത്തന്നെ നിന്നിട്ടുണ്ട്.

പുതിയ കാലഘട്ടത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം നിരന്തരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല അവകാശങ്ങളും ചോദ്യചിഹ്നമായി മാറുകയാണ്. ന്യൂനപക്ഷ കമ്മീഷന് മുമ്പിലുള്ളത് വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരള സര്‍ക്കാറിന്റെയും കേരള ജനതയുടെയും പിന്തുണയോടെ ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.
ന്യൂനപക്ഷ വിഭാഗത്തിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് നീതി നടപ്പാക്കുന്നതിന് കൂടെ നില്‍ക്കാന്‍ കഴിഞ്ഞു എന്നത് ന്യൂനപക്ഷ കമ്മീഷനെ സംബന്ധിച്ച് അഭിമാനകരമാണ്. ജുഡീഷ്യല്‍ അധികാരങ്ങള്‍ കമ്മീഷനില്‍ നിക്ഷിപ്തമായതിനാല്‍, ചുവപ്പുനാടയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവകാശം നിഷേധിക്കുന്നത് ഒഴിവാക്കി, ആവലാതിക്കാരന്റെ ആകുലതകള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷന് സാധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും നടത്തുന്ന പ്രതിമാസ സിറ്റിംഗിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചേരാന്‍ കമ്മീഷന് സാധിക്കുന്നുണ്ട്.
സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടേണ്ട സഹായങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ്, ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നീതി നിഷേധങ്ങള്‍ തുടങ്ങിയവയില്‍ ഇടപെടാനും വാര്‍ധക്യ കാലത്ത് മാതാപിതാക്കളെ നോക്കാത്ത മക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ചരിത്രപരമായ തീരുമാനം കൈക്കൊള്ളാനും ഇക്കാലയളവില്‍ കമ്മീഷന് കഴിഞ്ഞിട്ടുണ്ട്.

സമൂഹത്തിലെ ദുര്‍ബലരായ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ അവരുടെ അവകാശങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക സെമിനാറുകള്‍ കമ്മീഷന്‍ സംഘടിപ്പിച്ചു വരികയാണ്.
ന്യൂനപക്ഷങ്ങളില്‍ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ് വിഭാഗങ്ങള്‍ക്കായി കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍, സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്ഥാന ചരിത്രത്തിലെ തന്നെ ആദ്യത്തെ കൂട്ടായ്മയായി. സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവെപ്പിലേക്ക് കമ്മീഷന്‍ കടക്കുകയാണ്. ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി ജൂണ്‍ മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള മീഡിയ അക്കാദമിയുമായി കമ്മീഷന്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീ-യുവാക്കള്‍ക്ക് 2024 ഡിസംബറിനുള്ളില്‍ തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള വലിയ ഉദ്യമത്തിനാണ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുന്നത്. കേരളത്തിന്റെ തീരദേശ മേഖലയില്‍ അധിവസിക്കുന്ന ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ വെച്ചുണ്ടാകുന്ന അപകടഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ജീവന്‍രക്ഷാ മാര്‍ഗങ്ങളെയും മുന്‍കരുതലുകളെയും സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും വേണ്ട പരിശീലനം നല്‍കുന്നതിനുമായി വിപുലമായ പരിപാടികളും കമ്മീഷന്‍ ലക്ഷ്യമിടുന്നുണ്ട്.

തിരുവനന്തപുരത്തെ തീരദേശ മേഖലയായ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാന്‍ വിഷയത്തില്‍ കമ്മീഷന്‍ ഇടപെടുകയും പ്രസ്തുത മേഖലയിലെ അപകടാവസ്ഥ സംബന്ധിച്ച് പഠനം നടത്തി വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് റിപോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാറിനോട് കമ്മീഷന്‍ ആവശ്യപ്പെടുകയുമുണ്ടായി. സംസ്ഥാനത്തെ വനമേഖലയില്‍ പ്രത്യേകിച്ച് വയനാട് ജില്ലയിലെ വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ നിന്ന് പ്രസ്തുത പ്രദേശത്തെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, വയനാട് ജില്ലാ കലക്ടര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെടുകയുണ്ടായി. ന്യൂനപക്ഷങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന സമസ്ത വിഷയങ്ങളിലും ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തി വരികയാണ്.

കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍, അധികാരങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്മീഷന്‍. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങളുടെയും സഹായം ആവശ്യമാണ്. കമ്മീഷന്‍ ഉത്തരവുകളും ന്യൂനപക്ഷ സഹായ പദ്ധതികളുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ സഹായകരമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇനിയുമേറെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമായി മുന്നോട്ടു പോകാന്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ്. പത്താണ്ടുകള്‍ പിന്നിടുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മികവാര്‍ന്ന ചുവടുവെപ്പുകളോടെ കരുത്തും കരുതലുമായി കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊപ്പം എന്നും നിലകൊള്ളുക തന്നെ ചെയ്യും.

(ചെയര്‍മാന്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍)

Latest