gaza attack two years
ചിറകറ്റ കുഞ്ഞുങ്ങൾ
ഗസ്സയുടെ ഭാവി കെട്ടിപ്പടുക്കേണ്ട ഓരോ കുട്ടിയേയും ഇല്ലാതാക്കുയാണ് ഇസ്‌റാഈൽ ആക്രമണം.

ഗസ്സ | ഡ്രോണുകളുടെയും പോർവിമാനങ്ങളുടെയും ഇരമ്പൽ കേട്ട് പൊടിപടലങ്ങൾ നിറഞ്ഞ ഗസ്സയുടെ ആകാശത്തേക്ക് കണ്ണ് പായിക്കുന്ന ഓരോ കുഞ്ഞും തങ്ങളിനിയെത്രകാലം ഇവിടെയുണ്ടാകുമെന്ന് നിശ്ചയമില്ലാതെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഓരോ 45 മിനുട്ടിലും ഓരോ കുഞ്ഞ് ഗസ്സയിൽ ആക്രമണത്തിലൂടെ കൊല്ലപ്പെടുന്നുണ്ട്. പട്ടിണി മരണം വേറെയും. ഇസ്‌റാഈൽ ഉപരോധത്തിന്റെ നിഴലിൽ ജീവിതം തള്ളിനീക്കുന്ന ഓരോ കുട്ടിയും ആക്രമണത്തിന്റെ ആഘാതം നേരിടുകയാണ്.
നൂറ് കുട്ടികളുള്ള ഒരു ക്ലാസ്സ് മുറി സങ്കൽപ്പിക്കുകയാണെങ്കിൽ…
രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മൂന്ന് കുട്ടികളെ കാണാതായി, അവർ മരിച്ചിരിക്കാം.
മൂന്ന് കുട്ടികൾ ഗുരുതര പരുക്കേറ്റ് ജീവനു വേണ്ടി മല്ലിടുന്നു.
അഞ്ച് കുട്ടികൾ അനാഥരാണ്.
അഞ്ച് പേർ ഗുരുതര പോഷകാഹാരക്കുറവ് നേരിടുകയാണ്.
ബാക്കിയുള്ള കുട്ടികൾ ഇസ്‌റാഈൽ ഭീകരതയുടെ വേദനകൾ പേറുന്നു.
പിഴുതെറിയൽ
ഗസ്സയുടെ ഭാവി കെട്ടിപ്പടുക്കേണ്ട ഓരോ കുട്ടിയേയും ഇല്ലാതാക്കുയാണ് ഇസ്‌റാഈൽ ആക്രമണം. ഒന്നാം പിറന്നാൾ പോലും ആഘോഷിക്കാനാകാതെ 825 കുട്ടികൾ കൊല്ലപ്പെട്ടു. 895 കുട്ടികൾ ആദ്യ ചുവട് വെക്കും മുമ്പേയും മരിച്ചു.
രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള 3,266 പേർ, ആറിനും പത്തിനും ഇടക്ക് പ്രായമുള്ള 4,032 കുട്ടികൾ, 11നും 14നും ഇടയിൽ 3,646 കുട്ടികൾ, 15നും 17നും ഇടയിലുള്ള 2,949 കുട്ടികളും ഇസ്‌റാഈൽ ക്രൂരതയിൽ ലോകത്തോട് വിടപറഞ്ഞു. ഹമാസുമായുള്ള രണ്ട് മാസത്തെ വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 36 മണിക്കൂറിനിടക്ക് 183 കുട്ടികൾ കൊല്ലപ്പെട്ടു.