jilla paryadanam-kollam
ചെങ്കോട്ടക്ക് മങ്ങലേല്‍പ്പിക്കുമോ യു ഡി എഫ്?
ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകളുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ മുന്‍കാല പ്രകടനം എല്‍ ഡി എഫിന് നിലനിര്‍ത്താനാകുമോയെന്നതില്‍ രാഷ്ട്രീയ വിദഗ്ധര്‍ സംശയമുയര്‍ത്തുന്നു.
കൊല്ലം | 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ 11ല്‍ ഒമ്പത് സീറ്റും നേടിയത് എല്‍ ഡി എഫാണ്. എന്നാല്‍ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രകടനം എല്‍ ഡി എഫിന് നിലനിര്‍ത്താനാകുമോയെന്നതില്‍ രാഷ്ട്രീയ വിദഗ്ധര്‍ സംശയമുയര്‍ത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയവും ലോക്സഭാ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ വലിയ ഭൂരിപക്ഷവും ചെങ്കോട്ടയില്‍ വിള്ളലുണ്ടാക്കുമോ എന്ന് കണ്ടറിയണം. വിവിധ തിരഞ്ഞെടുപ്പുകളില്‍ ചുവപ്പ് ഏറിയും കുറഞ്ഞുമുള്ള മണ്ണാണ് കൊല്ലത്തേത്. 2016ല്‍ ജില്ലയിലെ മുഴുവന്‍ സീറ്റും നേടി ഇടതുപക്ഷത്തിന് ഒപ്പം നിന്നു. 2011ല്‍ ചവറയും പത്തനാപുരവും യു ഡി എഫിന് ഒപ്പം നിന്നു. 2021ല്‍ എത്തിയപ്പോള്‍ കുണ്ടറയും കരുനാഗപ്പള്ളിയും എല്‍ ഡി എഫിനെ കൈവിട്ടു.
പരമ്പരാഗത വ്യവസായ പ്രതിസന്ധി
ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍ എന്നിവയിലെ പ്രതിസന്ധിയും തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിലെ ചര്‍ച്ചകളാണ്. കൊല്ലത്തിന്റെ സാമ്പത്തിക നട്ടെല്ലായ കശുവണ്ടി വ്യവസായം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.
800ഓളം ഫാക്ടറികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം ചിലത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ഇറക്കുമതി തീരുവ, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മത്സരം, ഫാക്ടറികളുടെ നവീകരണമില്ലായ്മ എന്നിവ തൊഴിലാളികളെയും ഉടമകളെയും ഒരുപോലെ ബാധിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും തീരശോഷണം, കടല്‍കയറ്റം എന്നിവ മൂലം വീടുകളും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഓഫ്ഷോര്‍ മൈനിംഗ് (കടല്‍ ഖനനം) പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളും തീരദേശ മേഖലയില്‍ ശക്തമായ ചര്‍ച്ചയാകുന്നു.
അതുപോലെ നിലവില്‍ കയര്‍ വ്യവസായവും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കിഴക്കന്‍ മേഖലയിലെ വന്യമൃഗ ശല്യം, ഞാങ്കടവ് കുടിവെള്ള പദ്ധതി, കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണം എന്നിവ ഇതില്‍ പ്രധാനമാണ്.
മണ്ഡലങ്ങളിലൂടെ
ഇടത് മനസ്സായ കൊല്ലം മണ്ഡലത്തില്‍ 2006, 2011 തിരഞ്ഞെടുപ്പുകളില്‍ പി കെ ഗുരുദാസന്‍ ആയിരുന്നു വിജയിച്ചത്. 2016, 2021 തിരഞ്ഞെടുപ്പുകളില്‍ എം മുകേഷ് വിജയം നേടി. കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണയെ 2072 വോട്ടുകള്‍ക്കായിരുന്നു മുകേഷ് പരാജയപ്പെടുത്തിയത്. ഇത്തവണ ബിന്ദു കൃഷ്ണയും (യു ഡി എഫ്), എസ് ജയമോഹനും (എല്‍ ഡി എഫ്) തമ്മിലുള്ള മത്സരം പ്രവചനാതീതമാണ്.
ഇരവിപുരം-യു ഡി എഫില്‍ ആര്‍ എസ് പി മത്സരിക്കുന്ന മണ്ഡലമാണ്. 2011ല്‍ എ എ അസീസ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. 2016ല്‍ യു ഡി എഫിന്റെ ഭാഗമായ ആര്‍ എസ് പിയില്‍ നിന്ന് എ എ അസീസ് വീണ്ടും സ്ഥാനാര്‍ഥിയായി. മണ്ഡലം എം നൗഷാദിലൂടെ സി പി എം പിടിച്ചെടുത്തു. 2021ല്‍ നൗഷാദ് വിജയം ആവര്‍ത്തിച്ചു.
2011 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിനായി ജി എസ് ജയലാല്‍ മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂര്‍. ജില്ലയില്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം കൂടിയാണ് ചാത്തന്നൂര്‍.
വോട്ട് നില അനുസരിച്ച് കുണ്ടറ, പത്തനാപുരം, കരുനാഗപ്പള്ളി. ചവറ, ഇരവിപുരം, കൊല്ലം മണ്ഡലങ്ങളില്‍ യു ഡി എഫ് ആണ് മുന്നില്‍. എന്നാല്‍ ജില്ലയില്‍ വോട്ട് വിഹിതക്കണക്കില്‍ 40.98 ശതമാനവും എല്‍ ഡി എഫ് ആണ്.
2020ല്‍ 10 സീറ്റുണ്ടായിരുന്ന കോര്‍പറേഷനില്‍ 2025ല്‍ 27 ഡിവിഷനില്‍ വിജയിച്ച് ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ചത് നേട്ടമായി കാണുന്നു. കഴിഞ്ഞ തവണ 38 ഡിവിഷനില്‍ വിജയിച്ച എല്‍ ഡി എഫ് ഇത്തവണ 16 ല്‍ ഒതുങ്ങി. 12 ഡിവിഷനുകളില്‍ ബി ജെ പി വിജയിച്ചു.
പുനലൂര്‍, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളില്‍ വലിയ സമ്മര്‍ദമില്ലാതെ മുന്നോട്ട് പോകുന്ന എല്‍ ഡി എഫ് ഗണേഷ്‌കുമാര്‍ മത്സരിക്കുന്ന പത്തനാപുരം, ആര്‍ എസ് പിയുടെ ഈറ്റില്ലമായ ചവറ, കുന്നത്തൂര്‍, മുന്‍ സി പി എം നേതാവ് ഐഷാപോറ്റി യു ഡി എഫ് സ്ഥാനാര്‍ഥിയായ കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി എന്നിവയടക്കമുള്ള എട്ട് മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നേരിടുന്നത്.



