Kerala
നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; തിരുവഞ്ചൂരിന് പുറമെ എ സി മൊയ്തീനും ബി ബി ഗോപകുമാറും മത്സര രംഗത്ത്
. യുഡിഎഫിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്
തിരുവനന്തപുരം | 16ാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. യുഡിഎഫിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്.പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്
ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീന്‍ മത്സരിക്കും.മൂന്ന് സീറ്റുകള്‍ നേടി ഇത്തവണ നിയമസഭയില്‍ സാന്നിധ്യമുറപ്പിച്ച ബിജെപിയും ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ തിരഞ്ഞെടുപ്പിലുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നു മികച്ച വിജയം കൈവരിച്ച എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളില്‍ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഒന്ന് മുതല്‍ മൂന്ന് വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേല്‍ ചര്‍ച്ച നടക്കും







