Connect with us

Articles

ആരാധനാലയ നിയമം നോക്കുകുത്തിയാകുമോ?

Published

|

Last Updated

കാശിയും മഥുരയും ബാക്കിയുണ്ടെന്ന് ബാബരി മസ്ജിദ് പൊളിച്ച അന്ന് തന്നെ സംഘ്പരിവാര്‍ മുദ്രാവാക്യം വിളിച്ചത് വെറുതെയായിരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിക്കുള്ളില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ച സംഭവം. ഗ്യാന്‍ വ്യാപിക്ക് മുമ്പ് തന്നെ സംഘ്പരിവാര്‍ കണ്ണുവെച്ചതാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. ഇവിടെ ശ്രീകൃഷ്ണന്‍ ജനിച്ചുവെന്നാണ് സംഘ്പരിവാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

അവിടെ സന്ദര്‍ശിച്ചവര്‍ക്കറിയാം, പള്ളിയും ക്ഷേത്രവും തമ്മില്‍ ഒരു മതിലിന്റെ അകലമാണുള്ളത്. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും പള്ളിയുടെ താഴികക്കുടങ്ങള്‍ കാണാം. ഔറംഗസീബ് പണിതെന്ന് ചരിത്രം പറയുന്ന പള്ളി സമീപമുണ്ടെന്നത് ഹൈന്ദവ വിശ്വാസികളെ തെല്ലും അലട്ടുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്, പള്ളി തകര്‍ത്ത് ക്ഷേത്രം പണിയണമെന്ന ഹരജി കോടതിയിലെത്തിയപ്പോള്‍ അവിടെയുള്ള സന്യാസിമാര്‍ പറഞ്ഞ വാക്കുകള്‍. ഇവിടെയുള്ള സമാധാനം തകര്‍ത്ത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത് എന്നാണ് സന്യാസിമാര്‍ പ്രതികരിച്ചത്. 1670ല്‍ ഔറംഗസീബ് നിര്‍മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്ത് പണിതതാണെന്നും തുടര്‍ന്ന് പള്ളിക്കമ്മിറ്റി അനുബന്ധ നിര്‍മാണം നടത്തിയതാണെന്നും സംഘ്പരിവാര്‍ വാദിക്കുന്നു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി കൈയടക്കാന്‍ വിശ്വഹിന്ദു പരിഷത്തും ബി ജെ പിയും പ്രക്ഷോഭങ്ങളും അക്രമങ്ങളും കലാപങ്ങളുമായി രംഗത്തിറങ്ങിയ കാലത്താണ് ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ് ഗാഹ് പള്ളി നിലനില്‍ക്കുന്നതെന്ന വാദം ആദ്യമായി ഉയരുന്നത്. പള്ളിക്കുള്ളിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത് എന്ന വാദമോ ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചുവെന്ന വാദമോ അന്നുണ്ടായിരുന്നില്ല. പള്ളി സ്ഥലം കൃഷ്ണ ഭൂമിയുടെ നടത്തിപ്പുകാരായ കത്‌റ കേശവ് ദേവ് ട്രസ്റ്റിന്റേതാണെന്നും അത് കൈമാറണമെന്നുമായിരുന്നു 1967ല്‍ ഇതുസംബന്ധമായി ആദ്യത്തെ കേസ് കോടതിയിലെത്തിയപ്പോള്‍ അവര്‍ ആവശ്യമുന്നയിച്ചിരുന്നത്.
ബാബരി മാതൃകയില്‍ മഥുരയിലെ ഈദ്ഗാഹ് മസ്ജിദും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ പിന്നിലുള്ള മുസ്‌ലിം കോളനി ഇടിച്ചുനിരത്തിയതൊക്കെ പ്രാരംഭ പദ്ധതിയാണെന്ന് വേണം മനസ്സിലാക്കാന്‍. നയി ബസ്ത എന്ന മുസ്‌ലിം കോളനിയില്‍ നിന്ന് 150 വീടുകള്‍ ഇതിനോടകം സര്‍ക്കാര്‍ ഇടിച്ചുനിരത്തി. മഥുരയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹിന്ദു തീര്‍ഥാടന കേന്ദ്രമായ വൃന്ദാവനിലേക്ക് റെയില്‍പാത വികസിപ്പിക്കുന്നുവെന്ന പേരിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കോളനികള്‍ ഇടിച്ചു നിരത്തുന്നത്.

രാജ്യത്തെ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്ലെയ്‌സ് ഓഫ് വര്‍ഷിപ്പ് നിയമം നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത നിയമം തന്നെ ഇല്ലാതാക്കുകയോ, അല്ലെങ്കില്‍ നിയമത്തിലെ രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി വക്താവ് അശ്വനികുമാര്‍ ഹരജി നല്‍കിയിട്ടുണ്ട്. ആരാധനാലയ നിയമത്തിലെ നാലാം വകുപ്പ് റദ്ദാക്കിയാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിനോടും മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന രണ്ട് പള്ളികളും എളുപ്പം തകര്‍ക്കാനാകും. ഒന്നോ രണ്ടോ പള്ളിയല്ല, രാജ്യത്തുള്ള അനേകം ആരാധനാലയങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം നീക്കങ്ങളിലൂടെ സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമ ക്ഷേത്ര നിര്‍മാണം തുടങ്ങി നാളുകള്‍ പിന്നിടുമ്പോള്‍ തന്നെ ഹരജി നല്‍കാന്‍ അശ്വനി കുമാറിനെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല.

ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റിന് പിന്നിലുള്ളത് ആര്‍ എസ് എസിന് കീഴിലുള്ള വിശ്വവേദിക് എന്ന സംഘടനയാണ്. ഈ സംഘടന തന്നെയാണ് വരാണസിയിലെ ഗ്യാൻവാപി മസ്ജിദ് പൊളിക്കാനുള്ള കേസുകള്‍ നടത്തുന്നത്. ഖുതുബ് മിനാര്‍ വിഷ്ണു ക്ഷേത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേസ് നടത്തുന്നതും ജിതേന്ദ്ര സിംഗ് ബൈഷന്റെ നേതൃത്വത്തിലുള്ള ഇതേ വിഭാഗമാണെന്നറിയുമ്പോള്‍ ഇതിന്റെ പിന്നിലുള്ള നിഗൂഢതകളെ പറ്റി നമുക്ക് എളുപ്പം ബോധ്യപ്പെടും.

ആരാധനാലയങ്ങളുടെ അകത്ത് കയറി അടിവേര് മാന്തി പരിശോധിക്കുകയും ക്ഷേത്രമാണെന്ന് തീരുമാനിക്കുകയും ചെയ്യുന്ന പ്രവണത അപകടം പിടിച്ചതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വവും സമാധാന അന്തരീക്ഷവും നഷ്ടപ്പെടാന്‍ മാത്രമാണ് ഇത്തരം പരിശോധനകള്‍ ഉപകരിക്കുക. ആരാധനാലയ നിയമം വെറും നോക്കുകുത്തിയല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന മതമൈത്രി കാത്തുസൂക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര ഭരണകൂടത്തിനുമുണ്ട്.

anasalangol@gmail.com

---- facebook comment plugin here -----

Latest