Kerala
സലാം തുടരുമോ, മുനീർ വരുമോ? ലീഗ് സംസ്ഥാന കൗണ്‍സില്‍ ശനിയാഴ്ച
പാര്‍ട്ടിയെ ശക്തപ്പെടുത്താന്‍ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരണമെന്ന കാഴച്ചപ്പാടുള്ളവരുമുണ്ട്

മലപ്പുറം | മുസ്ലിം ലീഗിൻ്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 19 ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ ശനിയാഴ്ച. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരാകുമെന്നതിലാണ് ചൂടേറിയ ചര്‍ച്ച നടക്കുന്നത്. നിലവിൽ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം തന്നെ ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. എന്നാൽ, ഒരു വിഭാഗം കെ എം ഷാജിയെയും എം കെ മുനീറിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്നു. ആബിദ് ഹുസൈന്‍ തങ്ങളും ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം, പാര്‍ട്ടിയെ ശക്തപ്പെടുത്താന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തണമെന്ന കാഴച്ചപ്പാടുള്ളവരുമുണ്ട്. സംസ്ഥാന കമ്മിറ്റി ഭാരവാഹി പട്ടിക തയ്യാറാക്കലും നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഓരോ ജില്ലാ കമ്മിറ്റികളുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയാണ് വെട്ടിയും തിരുത്തിയും ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്.
മലപ്പുറം കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗം പി എം എ സലാമിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി എ മജീദിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ നറുക്ക് വീണതോടെയാണ് പി എം എ സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല ലഭിക്കുന്നത്. തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന സലാമിനെ മയപ്പെടുത്തലിന്റെ ഭാഗം കൂടിയായിരുന്നു ചുമതല നല്‍കല്‍.
കഴിഞ്ഞ നാലിന് കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. നേതാക്കളുടെ പട തന്നെയുള്ള മലപ്പുറത്ത് ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തീകരിച്ചപ്പോള്‍ നാമമാത്ര മെമ്പര്‍ഷിപ്പുള്ള ജില്ലകളിലാണ് ജില്ലാ ഭാരവാഹിത്ത്വത്തിന് വേണ്ടി ചേരിതിരിഞ്ഞ് ഏറ്റമുട്ടലും തര്‍ക്കങ്ങളും നടന്നത്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളിലാണ് തര്‍ക്കം രൂക്ഷമായിരുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ തന്നെ കലാശിച്ചിരുന്നു.
നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ എട്ട് വൈസ് പ്രസിഡന്റുമാരും 11 സെക്രട്ടറിമാരുമുണ്ട്. സി ടി അഹമ്മദിലിയാണ് നിലവിലെ സംസ്ഥാന കമ്മിറ്റി ട്രഷറര്‍. പി കെ കെ ബാവ, എം സി മായീന്‍ ഹാജി, പി എച്ച് അബ്ദുസ്സലാം ഹാജി, കെ കുട്ടി അഹമ്മദ്കുട്ടി, ടി പി എം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുറഹിമാന്‍ എന്നിവരാണ് നിലവിലെ വൈസ് പ്രസിഡന്റുമാര്‍.
അബ്ദുറഹിമാന്‍ കല്ലായി, ടി എം സാലിം, കെ കെ അബിദ് ഹുസൈന്‍ തങ്ങള്‍, കെ എം ഷാജി, അഡ്വ. എന്‍ ഷംസുദ്ധീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി എച്ച് റഷീദ്, ബീമാപള്ളി റഷീദ്, സി പി ചെറിയ മുഹമ്മദ്, പി എം സാദിഖലി, ഷാഫി ചാലിയം എന്നിവരാണ് നിലവിലെ സെക്രട്ടറിമാര്‍. ഇവരില്‍ ഭൂരിഭാഗവും പുതിയ കമ്മിറ്റിയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ കോഴിക്കോടാണ് കൗണ്‍സില്‍. രാവിലെ 11ന് നിലവിലെ സംസ്ഥാന കമ്മിറ്റി ചേരും. ഉന്നതാധികാരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മണിക്ക് പുതിയ സംസ്ഥാന കൗണ്‍സില്‍ ചേരും.
തുടര്‍ന്ന് 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 75 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയിലെ 10 പേരും മുതിര്‍ന്ന നേതാക്കളില്‍ നിന്ന് 11 പേരെയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുക. 485 പ്രതിനിധികളാണ് സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുക്കുക. മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും അറിയിപ്പ് നല്‍കി കഴിഞ്ഞതായി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.