Connect with us

Kerala

എല്‍ ഡി എഫില്‍ തുടരും; കേരള കോണ്‍ഗ്രസ്സ് (എം) യു ഡി എഫില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ജോസ് കെ മാണി

'കേരള കോണ്‍ഗ്രസ്സ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ തിളപ്പിച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലത്.'

Published

|

Last Updated

കോട്ടയം | കേരള കോണ്‍ഗ്രസ്സ് (എം) യു ഡി എഫില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമായ കേരള കോണ്‍ഗ്രസ്സ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പം ഉണ്ടാകും. കേരള കോണ്‍ഗ്രസ്സ് എമ്മിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ തിളപ്പിച്ച വെള്ളം വാങ്ങിവെക്കുകയാണ് നല്ലതെന്നും ജോസ് കെ മാണി പറഞ്ഞു. മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ്സ് (എം) പൂര്‍ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരള കോണ്‍ഗ്രസ്സ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു ഡി എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടക്കുകയാണ്.

മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ്സ് (എം) ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണ വിഷയത്തില്‍ ശാശ്വതപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരായി ശബ്ദം ഉയര്‍ത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഒരേ നിലപാട് ഉയര്‍ത്തുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സഹായകരമാകും. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടിക്കെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണമായും തള്ളുന്നു.

മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്താന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

Latest