Kerala
അമ്മയുടേയും മകളുടേയും ആത്മഹത്യ; മുംബൈയില്‍ പിടിയിലായ ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു
ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയത്
തിരുവനന്തപുരം | അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. വിദേശത്തേക്കു കടക്കാനുള്ള നീക്കത്തിനിടെ പിടിയിലായ പ്രതിയെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുംബൈയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് ട്രെയിന്‍ മാര്‍ഗം എത്തിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയത്. തന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ഉണ്ണികൃഷ്ണനാണെന്നായിരുന്നു മരിച്ച ഗ്രീമയുടെ ആത്മഹത്യാ കുറിപ്പ്.
അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാര്‍ഥതയുമാണ് ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഉണ്ണികൃഷ്ണന്‍ നിരപരാധിയെന്നുമാണ് ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. പ്രതി വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരം സ്വദേശികളായ സജിതയെയും മകള്‍ ഗ്രീമയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും ഉണ്ണികൃഷ്ണന്റെ അവഗണനയും കാരണമാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്.



