Kerala
പയ്യന്നൂരില്‍ നടന്നത് സാമ്പിള്‍ വെടിക്കെട്ടെന്ന് സി പി എം ഏരിയാ സെക്രട്ടറി
പയ്യന്നൂരിലെ പാര്‍ട്ടി എന്താണെന്ന സൂചനയാണ് നല്‍കിയത്. എം എല്‍ എക്കെതിരെ പ്രതിഷേധിക്കാന്‍ വന്നാല്‍, വരുന്നവര്‍ സ്വന്തം തടി കാക്കേണ്ടി വരുമെന്നും ഏരിയ സെക്രട്ടറി
കണ്ണൂര്‍ | പയ്യന്നൂരിലെ സി പി എം ഫണ്ട് തട്ടിപ്പു നടന്നതായി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ സ്വകാര്യ ചാനലിലൂടെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പയ്യന്നൂരില്‍ കോണ്‍ഗ്രസും ബി ജെ പിയും സി പി എമ്മിനും എം എല്‍ എക്കും നേരെ വന്നാല്‍ വെറുതെ വിടില്ലെന്നു സി പി എം മുന്നറിയിപ്പ്. പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ സി പി എം പ്രവര്‍ത്തകരുടെ പ്രതിപ്രവര്‍ത്തനം സാമ്പിള്‍ വെടിക്കെട്ടാണെന്ന് ഏരിയ സെക്രട്ടറി പി സന്തോഷ് കുമാര്‍ പ്രതികരിച്ചു.
പയ്യന്നൂരിലെ പാര്‍ട്ടി എന്താണെന്ന സൂചനയാണ് നല്‍കിയത്. എം എല്‍ എക്കെതിരെ പ്രതിഷേധിക്കാന്‍ വന്നാല്‍, വരുന്നവര്‍ സ്വന്തം തടി കാക്കേണ്ടി വരുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. അപവാദ പ്രചാരണങ്ങള്‍ക്ക് മുന്‍പില്‍ നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകില്ലെന്നും സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഓടിയെത്തിയ സി പി എം പ്രവര്‍ത്തകര്‍ പയ്യന്നൂരിലെ പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ സി പി എം ഗുണ്ടകള്‍ നടത്തിയ ആക്രമം പ്രതിഷേധാര്‍ഹമാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. സി പി എം മുന്‍ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലിലൂടെ സി പി എമ്മിന്റെ ജീര്‍ണ്ണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സി പി എമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.
രക്തസാക്ഷി കുടുംബത്തോടും അണികളോടും സി പി എമ്മിന് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച മുഴുവന്‍ സി പി എമ്മുകാരായ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.



