Kerala
വയനാട്ടിലെ വന്യജീവി ആക്രമണം: ശാശ്വത പരിഹാരത്തിനു ശ്രമിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു
മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചു ചേര്‍ന്നുകൊണ്ട് പരിഹാരം കാണുമെന്നും ഒ ആര്‍ കേളു വ്യക്തമാക്കി.

തിരുവനന്തപുരം | വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളു. വിഷയം ഗൗരവമായി കാണുമെന്നും പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്ത് ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ മുമ്പും പലതവണ നടത്തിയിട്ടുണ്ട്. ശാശ്വത പരിഹാരത്തിന് വയനാട്ടിലെ എം എല്‍ എമാരും എം പിയുമായി കൂടിയാലോചന നടത്തും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചു ചേര്‍ന്നുകൊണ്ട് പരിഹാരം കാണുമെന്നും ഒ ആര്‍ കേളു വ്യക്തമാക്കി. പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി സംസ്ഥാന തല വകുപ്പ് സമിതി വിളിച്ച് ചേര്‍ത്ത് ഇടപെടലുകള്‍ നടത്തും.
ഇന്ന് വൈകിട്ടാണ് സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.