Connect with us

National

അസമില്‍ ശക്തമായ ഭൂചലനം;ജനങ്ങള്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി

ഗുവാഹത്തി ഉള്‍പ്പെടെയുള്ള അസമിന്റെ വിവിധ ഭാഗങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

Published

|

Last Updated

ഗുവാഹത്തി |  ഇന്ന് പുലര്‍ച്ചെ അസമിലും വടക്കുകിഴക്കന്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.17ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അസമിലെ മൊറാഗാവ് ജില്ലയാണ് ഭൂചലനത്തിമന്റെ പ്രഭവകേന്ദ്രം

ഭൂചലനത്തെത്തുടര്‍ന്ന് ഗുവാഹത്തി ഉള്‍പ്പെടെയുള്ള അസമിന്റെ വിവിധ ഭാഗങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. നിലവില്‍ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മൊറാഗാവില്‍ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഒരു വയോധികയ്ക്ക് പരുക്കേറ്റതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുലര്‍ച്ചെയുണ്ടായ പ്രകമ്പനത്തെത്തുടര്‍ന്ന് മൊറാഗാവിലും സമീപ ജില്ലകളിലും വലിയ പരിഭ്രാന്തിയുണ്ടായി. കഠിനമായ തണുപ്പും കനത്ത മൂടല്‍മഞ്ഞും അവഗണിച്ച് ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി.

മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായിട്ടുള്ള കോപ്പിലി ഫോള്‍ട്ട് ലൈനിലാണ് ഈ ഭൂകമ്പത്തിന്റെയും പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .അസമുള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ ഇന്ത്യ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് ഉള്‍പ്പെടുന്നത്.

 

Latest