Connect with us

Kerala

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസ്; വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ജനീഷ് കുമാര്‍ എം എല്‍ എ ബലമായി മോചിപ്പിച്ചു

പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്.

Published

|

Last Updated

പത്തനംതിട്ട | കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്.

കൈതകൃഷി പാട്ടത്തിനെടുത്തവര്‍ സോളാര്‍ വേലിയില്‍ അമിതമായി വൈദ്യുതി കടത്തിവിട്ടതാണ് ആനയ്ക്ക് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എം എല്‍ എ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. എം എല്‍ എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? തോന്നിവാസം കാണിക്കരുത്. എടാ നീയൊക്കെ മനുഷ്യനാണോ? നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്. എവിടെ അറസ്റ്റ് ചെയ്ത റിപോര്‍ട്ട്? രണ്ടാമതും നക്സലുകള്‍ വരും, ഫോറസ്റ്റ് ഓഫീസ് കത്തിക്കും’ എന്നെല്ലാം എം എല്‍ എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോന്നി ഡി വൈ എസ് പിയെയും കൂട്ടിയാണ് എം എല്‍ എ ഫോറസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Latest