International
25 വര്‍ഷത്തിനിടെ യു എസ്- സിറിയ കൂടിക്കാഴ്ച; സിറിയക്കെതിരായ ഉപരോധങ്ങളെല്ലാം പിന്‍വലിച്ചു
യു എസ് പ്രസിഡന്റ് ട്രംപും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് വേദിയായത് സഊദി ഉച്ചകോടി

റിയാദ് | 25 വര്‍ഷത്തിനിടെ ആദ്യമായി നടന്ന യു എസ്- സിറിയ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് സഊദി വേദിയായി. സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹമ്മദ് അല്‍ ഷറയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി തലസ്ഥാനമായ റിയാദില്‍ കൂടിക്കാഴ്ച നടത്തി. സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതായി യു എസ് പ്രസിഡന്റ് പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആതിഥേയത്വം വഹിച്ച ചരിത്രപ്രധാനമായ ജി സി സി- യു എസ് ഉച്ചകോടിക്കിടെയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുമായി കൂടിക്കാഴ്ച നടത്തിയത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യോഗത്തില്‍ പങ്കെടുത്തു. സിറിയയുടെ ഭാവിയെക്കുറിച്ചും പ്രാദേശിക സ്ഥിരതയെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി. തുര്‍ക്കി പ്രസിഡന്റ് ടെലിഫോണ്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
യുനൈറ്റഡ് സ്റ്റേറ്റ്‌സ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗങ്ങളുടെ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ അറബ് മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പങ്കാളിത്തം ട്രംപ് ആവര്‍ത്തിച്ചു. സിറിയക്കെതിരായ യു എസ് ഉപരോധങ്ങള്‍ പിന്‍വലിച്ചുള്ള തീരുമാനത്തിന് സിറിയന്‍ പ്രസിഡന്റ് അല്‍ ഷറ പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കുന്നതിനും സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുക്കുന്ന വഴിത്തിരിവായി ഈ നീക്കത്തെ വിശേഷിപ്പിച്ചു.
സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിനും സിറിയയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സഊദി കിരീടാവകാശിക്ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നന്ദി പറഞ്ഞു.
സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കാനുള്ള ട്രംപിന്റെ തീരുമാനം രാജ്യത്തിന് നിര്‍ണായക വഴിത്തിരിവായതായി സിറിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 13 വര്‍ഷക്കാലം നീണ്ടുനിന്ന സിറിയയിലെ ഉപരോധങ്ങള്‍ നീക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ സിറിയയിലെങ്ങും വന്‍ ആഹ്ലാദ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്.