National
നെഹ്രുയുവകേന്ദ്രയില്‍ ഇനി നെഹ്രുവിന്റെ പേരില്ല
കേന്ദ്ര സര്‍ക്കാര്‍ എന്‍ വൈ കെയുടെ പേര് മാറ്റി മേരാ യുവഭാരത് എന്നാക്കി

ന്യൂഡല്‍ഹി | കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര (എന്‍ വൈ കെ)യുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. 1972 മുതല്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ നെഹ്‌റു യുവ കേന്ദ്രയുടെ പേരാണ് കേന്ദ്രസര്‍ക്കാര്‍ മായ്ച്ചു കളയുന്നത്. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ യുവജന സംഘടനയുടെ പേരില്‍ നിന്ന് ഇനി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് ഇല്ലാതായി.
എന്‍ വൈ കെയുടെ വെബ്‌സൈറ്റിലും ഇപ്പോള്‍ പുതിയ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൈ ഭാരത് എന്ന ഇംഗ്ലീഷ് നാമവുമുണ്ട്. എന്നാല്‍ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്‌റു യുവകേന്ദ്ര കോ ഓഡിനേറ്റര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും അറിയിപ്പ് ലഭിച്ചത്. ലോഗോ ഉള്‍പ്പെടെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ജില്ലാ ഓഫീസര്‍മാര്‍ പേര് മാറ്റത്തിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ഗ്രാമീണ യുവാക്കള്‍ക്ക് രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു യുവ കേന്ദ്രങ്ങള്‍ സ്ഥാപിതമായത്. 1987-88ല്‍ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.