International
ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു
മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയില്‍ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്

മൊണ്ടെവിഡിയോ | ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്.
മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളുടെ പേരിലും ലോകശ്രദ്ധ നേടിയ നേതാവാണ്. ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും അനുവദിക്കുന്നതുള്‍പ്പെടെ നിരവധി നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വീകരിച്ചു. പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയില്‍ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ് താമസിച്ചത്. രാജ്യത്ത് പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹികയുടെ ലളിത ജീവിതം ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗൊറില്ല പോരാളിയില്‍ നിന്ന് പ്രസിഡന്റിലേക്കുള്ള മുഹികയുടെ യാത്ര അസാധാരണമായിരുന്നു. ക്യൂബന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1960 കളിലും 70 കളിലും സായുധ കലാപം ആരംഭിച്ച ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ ടുപമാരോസിലെ പ്രധാന വ്യക്തിയായി അദ്ദേഹം മാറി. ഉറുഗ്വേയില്‍ സൈനിക സ്വേച്ഛാധിപത്യം നിലനിന്നിരുന്ന കാലത്ത് അദ്ദേഹത്തെ ഏകദേശം 15 വര്‍ഷം ജയിലില്‍ അടച്ചു.
2020-ലെ ഒരു അഭിമുഖത്തില്‍, മുഹിക താന്‍ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ആറ് മാസത്തോളം കൈകള്‍ പിന്നില്‍ കമ്പി കൊണ്ട് കെട്ടിയിട്ടതായും രണ്ട് വര്‍ഷത്തേക്ക് ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1985-ല്‍ രാജ്യത്ത് ജനാധിപത്യഭരണം വന്നപ്പോള്‍ മുഹിക ജയില്‍ മോചിതനായി. പിന്നീട് മൂവ്മെന്റ് ഓഫ് പോപ്പുലര്‍ പാര്‍ട്ടിസിപ്പേഷന്‍ (എം പി പി) എന്ന സംഘടന സ്ഥാപിച്ചു. 2010 ല്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ മുഹിക ഉറുഗ്വേയുടെ പ്രസിഡന്റായി അധികാരമേറ്റു. 2010-2015 കാലഘട്ടത്തില്‍ മുഹികയുടെ ഭരണകാലത്ത് ഉറുഗ്വേ സാമ്പത്തികമായി വളര്‍ന്നു.
മുഹികയുടെ ജീവിതരീതി കാരണം ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനെ അദ്ദേഹം തന്നെ തിരുത്തുന്നുണ്ട്. ‘ഞാന്‍ ഒരു ദരിദ്രനായ പ്രസിഡന്റല്ല; ദരിദ്രന്‍ ആവശ്യങ്ങള്‍ ധാരാളമുള്ള ഒരാളാണ്. ഞാന്‍ ശാന്തനായ ഒരു പ്രസിഡന്റാണ്. ജീവിക്കാന്‍ എനിക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കാരണം ഞാന്‍ പ്രസിഡന്റാകുന്നതിന് വളരെ മുമ്പു ജീവിച്ചതുപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഉപജീവനാര്‍ഥം ഭാര്യയോടൊപ്പം ചെയ്തിരുന്നു പുഷ്പകൃഷി അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴും തുടര്‍ന്നു.