Kerala
പാര്‍ട്ടി നിലപാടിനെ മാനിക്കാത്ത ശശി തരൂരിന് താക്കീത്
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായി തരൂര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു

ന്യൂഡല്‍ഹി | പാര്‍ട്ടി നിലപാടിനു പകരം സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം പിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധസമയത്ത് അമേരിക്കക്ക് കീഴടങ്ങാത്തത് ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം ഉയര്‍ത്തിയപ്പോള്‍ അതിനെ പരസ്യമായി തള്ളികൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു.
ഒടുവില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായി തരൂര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്നാണ് യോഗത്തില്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രവര്‍ത്തക സമിതി പലതവണ ചേര്‍ന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തരൂരിന്റേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് ശശി തരൂര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാലു പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന മോദിയുടെ വാദത്തെ തരൂര്‍ പിന്തുണച്ചിരുന്നു. 1971ലെ ഇന്ദിര ഗാന്ധിയുടെ യുദ്ധ വിജയത്തോട് ഓപ്പറേഷന്‍ സിന്ദൂറിനെ താരതമ്യപ്പെടുത്തിയുള്ള കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെയും തരൂര്‍ തള്ളിയിരുന്നു. 1971ലെ സാഹചര്യമല്ല ഇപ്പോഴെന്നും പാകിസ്ഥാന്റെ ആയുധ ശേഖരം, സാങ്കേതിക വിദ്യ, നാശ നഷ്ടങ്ങളുണ്ടാക്കാനുള്ള ശേഷി ഇതെല്ലാം മാറിക്കഴിഞ്ഞെന്നും തരൂര്‍ നേതൃത്വത്തെ തിരുത്തിയത്.
വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വീണ്ടും വരിഞ്ഞുമുറുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെറുതെ ക്രെഡിറ്റ് എടുക്കയാണെന്ന് തരൂര്‍ പറഞ്ഞത്. ഇന്ത്യ ഒരിക്കലും ഒരു വിദേശ രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യപ്പെടില്ലെന്നും ക്രെഡിറ്റ് ആരും ആഗ്രഹിച്ച് പോകുന്നത് സ്വാഭാവികമാണെന്നുമുള്ള തരൂരിന്റെ പ്രതികരണവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. തരൂരിന്റെ ഈ നിലപാടില്‍ യോഗത്തില്‍ നേതാക്കള്‍ കടുത്ത അതൃപ്തി ഉയര്‍ത്തിയെന്നാണ് വിവരം.