Connect with us

Kerala

വിദേശമദ്യ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ഉന്നതതല യോഗം ചേര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജിയര്‍ തയാറാക്കും. എല്ലാ സംഭരണ കേന്ദ്രങ്ങളിലും ഷോപ്പുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും.

Published

|

Last Updated

തിരുവല്ല | തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കും.

തീപിടിത്തം അപ്രതീക്ഷിതവും ഗൗരവതരവുമാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജിയര്‍ തയാറാക്കും. എല്ലാ സംഭരണ കേന്ദ്രങ്ങളിലും ഷോപ്പുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. ഫയര്‍ ഓഡിറ്റ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മാത്യു ടി തോമസ് എം എല്‍ എ, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ആര്‍ അജയ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ഔട്ട്‌ലെറ്റിന്റെ കെട്ടിടത്തിലും ഗോഡൗണിലും തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ മാര്‍ഗങ്ങളെല്ലാമുള്ള ഗോഡൗണ്‍ ആയിരുന്നിട്ടും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ബെവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

45,000 കേയിസ് മദ്യമാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. 10 കോടി രൂപയുടെ നഷ്ടം ബിവറേജ് കോര്‍പ്പറേഷനുണ്ടായതായാണ് പ്രാഥമിക കണക്ക്. പ്രാഥമികമായി 10 കോടി എന്ന് പറഞ്ഞെങ്കിലും നഷ്ടം 20 കോടിക്കു മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്.

തീ പടരുന്നത് കണ്ട് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും അഗ്്‌നിശമന സേനാ യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിനോട് ചേര്‍ന്നാണ് ജവാന്‍ മദ്യനിര്‍മാണശാല ഉള്ളത്. ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്പിരിറ്റ് ടാങ്കുകളുടെ ഭാഗത്തേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു.

ഗോഡൗണില്‍ അറ്റകുറ്റപ്പണികള്‍ക്കായി കെ എസ് ഇ ബി ലിമിറ്റഡിന്റെ അനുമതിപോലും വാങ്ങാതെ വൈദ്യുതി കണക്ഷന്‍ എടുത്തതായും പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വിദേശമദ്യം പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയുടെ ഭാഗമായിരുന്ന കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്.

 

Latest