National
നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി; ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
കഴിഞ്ഞ മാസം 16 മുതല്‍ നിയമനം പ്രാബല്യത്തില്‍.

ന്യൂഡല്‍ഹി | ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയാണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ചോപ്രയെ ആദരിച്ചത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ടോക്കിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം വിശിഷ്ട സേവനത്തിന് നാല് രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. ജനുവരി 22നായിരുന്നു ആദരം.
2016 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായും നീരജ് ചോപ്ര ചേര്‍ന്നിരുന്നു. മുന്‍ ലോക ചാമ്പ്യനായ നീരജിന് 2022-ല്‍ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും ലഭിച്ചു.