Kerala
വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച യുവാവ് അറസ്റ്റില്‍
140ഓളം അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഒറ്റ രാത്രിയില്‍ അയച്ചത്

അടൂര്‍ | ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശമായി അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിന്‍കുമാര്‍(23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് രാത്രിയാണ് 140 ഓളം അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വന്നത്.
പിറ്റേന്ന് രാവിലെയാണ് ഇവര്‍ സന്ദേശം ശ്രദ്ധിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അയാളുടെ ഫോണിലെ മെസ്സഞ്ചറില്‍ സന്ദേശവും വീട്ടമ്മയുടെ ഫോണ്‍ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നല്‍കിയ ശേഷം ഫോണ്‍ കട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും പരാതിയില്‍ പറയുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ എ ജെ അമൃത് സിംഗ് നായകം, എസ് സി പി ഓ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി എന്‍ എസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.