Idukki
അഞ്ചുനാടിന് സമൃദ്ധി പകര്‍ന്ന് കാട്ടുകൂര്‍ക്ക
മലമുകളിലെ ഉന്നതികളിലെ ഗോത്ര സമൂഹത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് കൂര്‍ക്ക കൃഷി.
മറയൂര്‍ | അഞ്ചുനാടന്‍ മലനിരകളില്‍ ഇപ്പോള്‍ കാട്ടു കൂര്‍ക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ ഉന്നതികളിലെ ഗോത്ര സമൂഹത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് കൂര്‍ക്ക കൃഷി. ഒക്ടോബര്‍ പകുതിയോടെ ആരംഭിച്ച വിളവെടുപ്പ് നാലാഴ്ച പിന്നിടുമ്പോള്‍ 45,521 കിലോ കൂര്‍ക്ക കിഴങ്ങ് വനം വകുപ്പിന്റെ ചില്ല ലേല വിപണിയിലൂടെ വിറ്റഴിച്ചു.
വിളവെടുപ്പ് 2026 ഫെബ്രുവരി വരെ നീളും.വലിപ്പം അനുസരിച്ചാണ് കൂര്‍ക്ക വില നിശ്ചയിക്കുന്നത്. ചെറുകിഴങ്ങിന് 20 രൂപ മുതലും വലിയ കിഴങ്ങുകള്‍ക്ക് 81 രൂപ വരെയും വ്യാഴാഴ്ചകളില്‍ നടക്കുന്ന ലേല വിപണിയില്‍ ലഭിച്ചു വരുന്നു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അന്‍പതിലധികം വ്യാപാരികള്‍ വലിയ തോതില്‍ കൂര്‍ക്ക ലേലത്തിലൂടെ വാങ്ങി വരുന്നു. ചില്ല ലേല വിപണി സന്ദര്‍ശിച്ചു വരുന്ന സഞ്ചാരികളും കൂര്‍ക്ക വാങ്ങും.
കഴിഞ്ഞ സീസണുകളില്‍ 1000ത്തിലധികം ടണ്‍ കൂര്‍ക്കയാണ് വിറ്റഴിച്ചിരുന്നത്. ഇതു കൂടാതെ ചില്ല ലേല വിപണിയില്‍ കൊണ്ടുവരാതെ 1000 ടണ്‍ കൂര്‍ക്കയെങ്കിലും വിറ്റഴിച്ചു വരുന്നുണ്ട്.
മറയൂര്‍ പഞ്ചായത്തിലെ ആറ് ഉന്നതികളിലാണ് പ്രധാനമായും കൂര്‍ക്ക കൃഷി ചെയ്തുവരുന്നത്. 350 ലധികം കര്‍ഷകരാണ് ഇത്തവണ കൃഷിയിറക്കിയത്.മറയൂര്‍ വനമേഖലയിലെ കവക്കുടി,കുത്തുകല്ല്, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടുളക്കുടി എന്നീ ഉന്നതികളിലാണ് പ്രധാനമായും കൂര്‍ക്ക കൃഷി ചെയ്തുവരുന്നത്. ഇത്തവണ കാലാവസ്ഥ അനുകൂലമായി വിളവ് കൂടിയതിനാല്‍ 1500 ടണ്‍ കൂര്‍ക്ക മലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഉന്നതികളിലെ ഗോത്ര സമൂഹം.






