Eduline
റഷ്യയിൽ പഠിക്കാം,സ്‌കോളർഷിപ്പോടെ
റഷ്യൻ ഭാഷ അറിയാത്തവർക്ക് ഒരു വർഷത്തെ പ്രിപ്പറേറ്ററി പ്രോഗ്രാം റഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരം.
ഇന്ത്യൻ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ ഭാഷ അറിയാത്തവർക്ക് ഒരു വർഷത്തെ പ്രിപ്പറേറ്ററി പ്രോഗ്രാം റഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരം. 2026- 27 അക്കാദമിക വർഷത്തിൽ കോഴ്‌സിന് ചേരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യൻ ഭരണകൂടം സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. പൂർണമായും ധനസഹായത്തോടെ പ്രവർത്തിക്കുന്ന 300 സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചത്. സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രമുഖ റഷ്യൻ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനാകും.
പഠന മേഖലകൾ
- മെഡിസിൻ
- ഫാർമസി
- എൻജിനീയറിംഗ്
- ആർക്കിടെക്ചർ
- കൃഷി
- മാനേജ്‌മെന്റ്
- ഇക്കണോമിക്‌സ്
- ഹ്യുമാനിറ്റീസ്
- മാത്തമാറ്റിക്‌സ്
- സ്‌പേസ് സയൻസ്
- ഏവിയേഷൻ
- സ്‌പോർട്‌സ്
- ആർട്‌സ്
എൻജിനീയറിംഗിലും മെഡിസിനിലും നിരവധി കോഴ്‌സുകൾ ഇംഗ്ലീഷിൽ പഠിക്കാനാകും. റഷ്യൻ ഭാഷ വശമില്ലാത്തവർക്ക് മെയിൻ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി പ്രോഗ്രാമിൽ ചേരാനാകും.
ബിരുദ, സ്‌പെഷ്യലിസ്റ്റ്, ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്‌സ്), ഡോക്ടറൽ പ്രോഗ്രാമുകൾ, അഡ്വാൻസ്ഡ് പരിശീലന കോഴ്‌സുകൾ എന്നിവക്കും സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ അവസരം ലഭിക്കും.
ലോമോനോസോവ് മോസ്‌കോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി, എം ജി ഐ എം ഒ എന്നിവ ഒഴികെ മിക്ക സ്ഥാപനങ്ങളിലും ട്യൂഷൻ ഫീസ് അടക്കാതെ പഠിക്കാം.
educationinrussia.com എന്ന ഔദ്യോഗിക പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം.
2026 ജനുവരി 15 ആണ് ആദ്യ റൗണ്ടിൽ അപേക്ഷിക്കാനുള്ള അവസാന തീയതി.
തിരഞ്ഞെടുപ്പ് പ്രക്രിയ
രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. അപേക്ഷകരുടെ അക്കാദമിക് സ്‌കോറുകളും റെക്കമെന്റേഷൻ ലെറ്റർ, ഗവേഷണ പ്രവർത്തനങ്ങൾ, അല്ലെങ്കിൽ അക്കാദമിക് മത്സരങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അനുബന്ധ രേഖകളും അടിസ്ഥാനമാക്കിയാണ് വിദ്യാർഥികളെ വിലയിരുത്തുന്നത്.
രണ്ടാം ഘട്ടത്തിൽ റഷ്യയുടെ ശാസ്ത്ര- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിസ പ്രോസസ്സിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകും. യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ അനുയോജ്യമായ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കും.






