Idukki
മുതുവ സമുദായത്തിലെ ആദ്യ വനിത ഡ്രൈവറായി ഈശ്വരി
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ വിഭാഗത്തില്‍ പെടുന്ന ഒരു സ്ത്രീ നാലു ചക്രവാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സ് സ്വന്തമാക്കുന്നത്.
മറയൂര്‍ | അഞ്ചുനാട്ടിലെ ആദ്യ വനിത കാര്‍ ഡ്രൈവറായി കാന്തല്ലൂര്‍ പഞ്ചായത്തില്‍ തീര്‍ഥ മല ഉന്നതിയിലെ പരമന്റെ ഭാര്യ ഈശ്വരി(40). മൂന്നാറില്‍ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയകരമായി കാര്‍ ഓടിച്ച് ഈശ്വരി വിജയിച്ച് ലൈസന്‍സ് സ്വന്തമാക്കി.
ഇടുക്കി ജില്ലയിലും തമിഴ്നാട് അതിര്‍ത്തികളിലും അധിവസിച്ചു വരുന്ന മുതുവാ സമുദായംഗമാണ് ഈശ്വരി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ വിഭാഗത്തില്‍ പെടുന്ന ഒരു സ്ത്രീ നാലു ചക്രവാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സ് സ്വന്തമാക്കുന്നത്.
ഈശ്വരിക്ക് കട്ട സപ്പോര്‍ട്ടുമായി ഭര്‍ത്താവ് പരമനും കുടിക്കാരും രംഗത്തുണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും മറയൂരില്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തി വരുന്ന ആര്‍ കണ്ണനും പരിശീലകന്‍ കെ അനീഷ് കുമാറും ഈശ്വരിക്ക് ലൈസന്‍സ് ലഭിക്കുവാന്‍ ഏറെ സഹായിച്ചു.
ഭര്‍ത്താവ് പരമന് ഡ്രൈവിംഗ് അറിയില്ലെങ്കിലും പഴയ ഒരു ആള്‍ട്ടോ കാര്‍ ആറുമാസം മുമ്പ് വാങ്ങിയതാണ് ഈശ്വരിക്ക് ചരിത്രം കുറിക്കുവാന്‍ സാഹചര്യമൊരുക്കിയത്.കാര്‍ മേടിച്ചെങ്കിലും വെറുതെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് തനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം ഈശ്വരി ഭര്‍ത്താവിനോട് പറഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല.
15 കിലോമീറ്റര്‍ അകലെ മറയൂരിലുള്ള ജോയി ഡ്രൈവിംഗ് സ്‌കൂളിലെ കണ്ണനെ കണ്ടു. പിന്നെ ഒരു മാസത്തെ കഠിനമായ ശ്രമം മൂലമാണ് അനായസം കാര്‍ ഓടിക്കുന്നതിന് ഈശ്വരിക്കു കഴിഞ്ഞത്. ദിവസം വന്നു പോകുവാന്‍ 300 ലധികം രൂപയാകും. സഹായിയായി ഭര്‍ത്താവും എത്തും. ഇവര്‍ക്ക് രണ്ടു മക്കളുണ്ട് മൂത്ത പെണ്‍കുട്ടി വൃന്ദ നേഴ്സിങ്ങിന് പഠിക്കുന്നു. ഇളയ കുട്ടി സ്‌കൂളിലും. മൂന്നാര്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ കനവ് പദ്ധതിയിലൂടെ മുതുവാ സമുദായത്തിലെ നിരവധി യുവതികള്‍ ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി.






