Connect with us

Editors Pick

ഇസ്റാഈൽ ജയിലുകളിൽ ക്രൂരപീഡനം: 'റേക്ക്' തടവറയിൽ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ, കാഴ്ച നഷ്ടപ്പെട്ടവരും കൂട്ടത്തിൽ

ഈ 'ഭൂഗർഭ തടവറ' സന്ദർശിച്ച ആദ്യ വ്യക്തിയായ മുതിർന്ന അഭിഭാഷക നാദിയ ധാക്കയാണ് തടവറയിലെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നത്. ഇവിടെ തടവിലാക്കപ്പെട്ടവരുടെ മനുഷ്യത്വം പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

Published

|

Last Updated

ഇസ്റാഈലിലെ റേക്' (Rakvet) എന്നറിയപ്പെടുന്ന രഹസ്യ തടവറയിൽ ക്രൂരമായ പീഡനത്തിന് ഇരയായതിനെ തുടർന്ന് കാഴ്ച ശക്തി നഷ്ടമായ മഹ്‍മൂദ് എന്ന ഫലസ്തീനി

ഗസ്സ സിറ്റി | ഇസ്റാഈൽ ജയിലുകളിൽ ഫലസ്തീൻ, ലെബനീസ് പൗരന്മാർ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് റിപ്പോർട്ട്. വിചാരണ കൂടാതെ, അനിശ്ചിതകാലത്തേക്ക് ആളുകളെ തടവിലാക്കുന്ന ‘റേക്’ (Rakvet) എന്നറിയപ്പെടുന്ന രഹസ്യ തടവറയിൽ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 2024-ൽ വീണ്ടും തുറന്ന ഈ തടവറയിൽ സൂര്യപ്രകാശമോ ശുദ്ധവായുവോ ലഭ്യമല്ല.

ഈ ‘ഭൂഗർഭ തടവറ’ സന്ദർശിച്ച ആദ്യ വ്യക്തിയായ മുതിർന്ന അഭിഭാഷക നാദിയ ധാക്കയാണ് തടവറയിലെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നത്. ഇവിടെ തടവിലാക്കപ്പെട്ടവരുടെ മനുഷ്യത്വം പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്നുവെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അഭിമുഖത്തിനായി എത്തുന്ന തടവുകാരുടെ മുഖത്ത് അവർ സഹിച്ച പീഡനങ്ങളുടെ സൂചനകളുണ്ട്. തടവുകാർ സംസാരിക്കാൻ ഭയക്കുന്നു, മുറിക്ക് ഒരു മീറ്റർ ചതുരശ്ര അടി മാത്രമാണ് വലുപ്പമെന്നും സംസാരിക്കുമ്പോൾ ജയിൽ ഗാർഡുകൾ പുറത്തുപോകാറില്ലെന്നും അവർ പറഞ്ഞു. എങ്കിലും, നാദിയയും മറ്റ് അഭിഭാഷകരും ചേർന്ന് പീഡനങ്ങളുടെ ഞെട്ടിക്കുന്ന മൊഴികൾ ശേഖരിച്ചു.

താടിയെല്ല്, തോളെല്ല്, വാരിയെല്ലുകൾ എന്നിവ ഒടിഞ്ഞിട്ടും വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് തടവുകാരിൽ ഒരാൾ പറഞ്ഞു. ചൊറിച്ചിൽ (scabies), കഠിനമായ നെഞ്ചുവേദന എന്നിവ അനുഭവിക്കുന്നതായും ശിക്ഷയായി ജയിൽ ഗാർഡുകൾ ഇവരുടെ തള്ളവിരലുകൾ ഒടിക്കാറുണ്ടെന്നും മറ്റൊരു തടവുകാരന്റെ മൊഴി.

മഹ്മൂദ് എന്ന തടവുകാരന് ഇസ്റാഈൽ സൈനികരുടെ പീഡനം കാരണം കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. 2024-ൽ കമലാൻ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മഹ്മൂദിനെ തലയ്ക്ക് രണ്ട് മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതിനെ തുടർന്നാണ് കാഴ്ച നഷ്ടമായത്. തന്റെ വാരിയെല്ലുകൾ രണ്ട് തവണ ഒടിക്കപ്പെട്ടു, നടുവിന് പരിക്കേറ്റു, കണ്ണിൽ ഒഴിക്കാനുള്ള തുള്ളിമരുന്നിന് പോലും യാചിക്കേണ്ടി വന്നു എന്നും മഹ്മൂദ് വെളിപ്പെടുത്തി.

ഫലസ്തീനിയൻ പ്രിസണർ സൊസൈറ്റിയുടെ ആർക്കൈവിൽ ഇസ്റാഈൽ തടവിലാക്കിയ ആയിരക്കണക്കിന് ഫലസ്തീനികളുടെ പീഡനകഥകളുണ്ട്. ലൈംഗികാതിക്രമം, പട്ടിണി, അപമാനം, അംഗഭംഗം വരുത്തൽ തുടങ്ങിയ അതിക്രമങ്ങളുടെ കഥകളാണ് ഈ ആർക്കൈവിലുള്ളത്. ഇസ്റാഈലിൽ ഫലസ്തീനികളെ പീഡിപ്പിക്കുന്നത് ഒരു വിവാദ വിഷയമല്ലെന്നും, ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി പോലും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----