Connect with us

Editors Pick

ഗസ്സയിലെ നഴ്സിന്റെ ധീരകഥ: കുടുംബം പലായനം ചെയ്തു; ആക്രമണത്തിൽ സഹോദരൻ രക്തസാക്ഷിയായി; പതറാതെ മെഡിക്കൽ സേവനം തുടർന്ന് ഇസ്‍ലാം അബൂ അസർ

ആരോഗ്യ പ്രവർത്തകരുടെ സംഘം പോയി സഹോദരന്റെ മയ്യിത്ത് കൊണ്ടുവന്നപ്പോൾ, ആ രക്തസാക്ഷികളിൽ സ്വന്തം സഹോദരനുണ്ടെന്ന് അറിഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതായിരുന്നുവെന്ന് അവർ പറയുന്നു.

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്റാഈൽ ഉപരോധത്തിനും ശക്തമായ വ്യേമാക്രമണങ്ങൾക്കും ഇടയിലും ഗസ്സയിലെ ഷിഫാ മെഡിക്കൽ കോംപ്ലക്സിൽ (Shifa Medical Complex) സേവനം തുടർന്ന ഒരു നഴ്സിന്റെ ധീരമായ കഥ ലോകശ്രദ്ധ ആകർഷിക്കുന്നു. നഴ്സായ ഇസ്‍ലാം അബൂ അസറിന്റെ ധീരതയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇസ്റാഈൽ ആക്രമണത്തിൽ സഹോദരൻ രക്തസാക്ഷിയായിട്ടും പതറാതെ മറ്റുള്ളവർക്ക് മെഡിക്കൽ സേവനങ്ങൾ നൽകിയ ഇസ്‍ലാം അബൂ അസറിന്റെ ആത്മാർപ്പണം മാതൃകാപരം.

ഷെഫാ മെഡിക്കൽ കോംപ്ലക്സിൽ ജോലി ചെയ്യുന്നതിനിടയിൽ, അവിടെനിന്ന് ഒഴിഞ്ഞ് പോകാൻ നിർദ്ദേശം വന്നപ്പോഴും ഇസ്‍ലാം അബൂ അസർ ജോലിയിൽ തുടർന്നു. വീട്ടുകാർ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്‌തെങ്കിലും അവർ ആശുപത്രിയിൽ തന്നെ നിന്നു. ഈ സമയത്താണ് സഹോദരൻ രക്തസാക്ഷിയായ വിവരം ഉമ്മ ഇസ്‍ലാമിനെ അറിയിക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടെ സംഘം പോയി സഹോദരന്റെ മയ്യിത്ത് കൊണ്ടുവന്നപ്പോൾ, ആ രക്തസാക്ഷികളിൽ സ്വന്തം സഹോദരനുണ്ടെന്ന് അറിഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതായിരുന്നുവെന്ന് അവർ പറയുന്നു. സ്വന്തം സഹോദരനെ ഒരു രക്തസാക്ഷിയായി താൻ സ്വീകരിക്കേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ വികാരമായിരുന്നുവെന്നും ഇസ്‍ലാം ഓർത്തെടുത്തു.

സഹോദരന്റെ വേർപാടിലും സലാം ജോലിയിൽ നിന്ന് പിന്മാറിയില്ല. രൂക്ഷമായ ആക്രമണം തുടർന്ന കാലയളവിൽ ഉടനീളം ഷിഫാ മെഡിക്കൽ കോംപ്ലക്സിനുള്ളിൽ താൻ ഒറ്റക്കായിരുന്നുവെന്നും, ജീവനക്കാരുടെ കുറവ് കാരണം മുറിവേറ്റവർക്ക് സേവനം നൽകാനായി താൻ അവിടെ തുടർന്നുവെന്നും അവർ കൂട്ടിച്ചേർത്തു. യുദ്ധകാലം മുഴുവൻ ആശുപതി മാത്രമായിരുന്നു തൻ്റെ ഏക ആശ്രയമെന്ന് ഇസ്‍ലാം പറയുന്നു.

സഹോദരന്റെ മരണം നൽകിയ വേദനയെ അതിജീവിച്ച്, സ്വന്തം സുരക്ഷയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാതെ, മറ്റ് ജീവനക്കാർ പലായനം ചെയ്തപ്പോഴും, ജീവനക്കാരുടെ കുറവ് കാരണം പരിക്കേറ്റവർക്ക് സേവനം നൽകാനായി മാത്രം ഷിഫാ മെഡിക്കൽ കോംപ്ലക്സിൽ ധീരമായി നിലയുറപ്പിച്ച ഈ നഴ്സിന്റെ കഥ, ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളുടെയും അവരുടെ സമർപ്പണത്തിന്റെയും പ്രതീകമായി മാറുകയാണ്.

---- facebook comment plugin here -----