Uae
അൽ ദൈദ് ഈത്തപ്പഴ മേളയിൽ വിപുലമായ പങ്കാളിത്തം
ഇത്തവണ ആദ്യമായി "യുവകർഷക മത്സരം' മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഷാർജ | ബുധനാഴ്ച ആരംഭിച്ച ഒമ്പതാമത് അൽ ദൈദ് ഈത്തപ്പഴ മേളയിൽ മികച്ച പങ്കാളിത്തം. ദൈദ് എക്‌സ്‌പോ സെന്ററിൽ അടുത്ത ഞയറാഴ്ച വരെ നടക്കുന്ന പ്രദർശനത്തിൽ പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളും വകുപ്പുകളും ഈത്തപ്പന കർഷകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈത്തപ്പഴ ഉത്പാദകരും മേളയിൽ സജീവമായി പങ്കെടുക്കുന്നു.
ഇത്തവണ ആദ്യമായി “യുവകർഷക മത്സരം’ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകരായ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്്മദ് അമിൻ അൽ അവാദി അറിയിച്ചു.
ഈത്തപ്പനയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി വിദ്യാഭ്യാസ ശിൽപ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഈത്തപ്പന കൃഷിയിലും ഉത്പാദനത്തിലും യുവജനങ്ങളുടെ നിർണായക പങ്ക് എടുത്തു കാണിക്കുന്നതിനായി ഷാർജ യൂത്ത് ഫോറവും ആരംഭിച്ചിട്ടുണ്ട്.
മേളയിൽ പ്രാദേശിക കാർഷികോത്പന്നങ്ങളുടെ മികവ് വിളിച്ചോതുന്ന വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും. നാടൻ ഈത്തപ്പഴം, നാരങ്ങ, അത്തിപ്പഴം, “റുതബ് അൽ ഖറായിഫ്’ (സീസൺ അനുസരിച്ചുള്ള ഈത്തപ്പഴം) എന്നിവ മത്സരങ്ങളിൽ ഉൾപ്പെടുന്നു. റുതബ് അൽ ഖുനൈസി, റുതബ് അൽ ഖലാസ്, റുതാബ് അൽ ഷീഷി തുടങ്ങിയ വിവിധ ഈത്തപ്പഴ ഇനങ്ങൾക്കായുള്ള മത്സരങ്ങളും ഉണ്ടായിരിക്കും. കൂടാതെ, എലൈറ്റ് ഓഫ് അൽ ദൈദ് – ജനറൽ, എലൈറ്റ് ഓഫ് അൽ ദൈദ് – നോർത്തേൺ എമിറേറ്റ്‌സ് എന്നീ രണ്ട് പ്രധാന മത്സരങ്ങളിൽ രാജ്യത്തുടനീളമുള്ള ഏറ്റവും മികച്ച ഈത്തപ്പഴ ഉത്പാദകരെ ഉയർത്തിക്കാട്ടും.