Connect with us

articles

ന്യൂനപക്ഷ മന്ത്രാലയത്തെ ശ്വാസം മുട്ടിക്കുന്നതെന്തിന്?

ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാകും എന്ന മുറവിളികള്‍ ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയുടെ മാനവ വികസന സൂചികയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ന്യൂനപക്ഷ വികസനം എന്നിരിക്കെ മന്ത്രാലയത്തെ സാമൂഹികനീതി ശാക്തീകരണ വകുപ്പിലേക്ക് തന്നെ തിരികെ ലയിപ്പിക്കുന്ന നടപടി രാഷ്ട്ര താത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ല എന്ന് വ്യക്തമാണ്.

Published

|

Last Updated

“ന്യൂനപക്ഷ മന്ത്രാലയത്തെ തകര്‍ക്കാനൊരുങ്ങി മോദി സര്‍ക്കാര്‍’ എന്ന ശീര്‍ഷകത്തില്‍ പോയവാരം ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാധ്യമം വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. 2006ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സാമൂഹികനീതി ശാക്തീകരണ വകുപ്പില്‍ നിന്ന് വേര്‍തിരിച്ച് സ്ഥാപിതമായതാണ് ഇപ്പോഴുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. ഇങ്ങനെ പ്രത്യേകം പരിഗണിക്കുന്നത് ഒഴിവാക്കി വീണ്ടും ലയിപ്പിക്കാന്‍ തീരുമാനിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു നീക്കങ്ങളും പരിഗണനക്ക് വിധേയമാക്കിയിട്ടില്ലെന്നും പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉടനെ തന്നെ വെളിപ്പെടുത്തുകയുണ്ടായി. പി ഐ ബി ഫാക്ട് ചെക്ക് വഴി ട്വിറ്ററിലൂടെ അറിയിച്ച ഇക്കാര്യം വകുപ്പ് മന്ത്രി തന്നെ റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ടാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ മന്ത്രിസഭയിലെ ഏക മുസ്‌ലിം മുഖമായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ‌്വിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രവര്‍ത്തിച്ചിരുന്നത്. രാജ്യസഭാംഗമായിരുന്ന നഖ‌്വിയെ പാര്‍ലിമെന്ററി കാലാവധി അവസാനിച്ചതോടെ മന്ത്രി സ്ഥാനം രാജിവെപ്പിച്ച സര്‍ക്കാര്‍ പുതിയ മന്ത്രിയെ നിയമിക്കുന്നതിന് പകരം നിലവിലെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുകയാണ് ചെയ്തത്.

സാമൂഹികനീതി ശാക്തീകരണ വകുപ്പിന് കീഴിലായിരുന്ന ന്യൂനപക്ഷ വിഭാഗത്തെ പ്രത്യേക മന്ത്രാലയമായി രൂപവത്കരിക്കുന്നത് 2006ലെ യു പി എ സര്‍ക്കാറായിരുന്നു. ന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യവും മഹത്വവും ഉള്‍ക്കൊണ്ട് പ്രത്യേകം വിഭാവന ചെയ്ത ഈ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ വിഭാവനകളെ അഭിമുഖീകരിക്കുന്നതില്‍ മന്ത്രാലയ രൂപവത്കരണം ത്വരിതഗതിയിലാണ് സഞ്ചരിച്ചത്. ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യവും ജീവനാഡിയുമായ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇത് കാരണമായി. എന്നാല്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിംകളെ പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്ന ധ്വനികള്‍ ഇടക്കിടെ തോന്നിപ്പിക്കാറുള്ള അതേ രീതിയിലാണ് ബി ജെ പി സര്‍ക്കാറിന്റെ ഈ നടപടിയും മുന്നോട്ടുപോകുന്നത് എന്നാണ് വ്യക്തമാകുന്നത്.

ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാകും എന്ന മുറവിളികള്‍ ഇപ്പോഴേ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയുടെ മാനവ വികസന സൂചികയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ന്യൂനപക്ഷ വികസനം എന്നിരിക്കെ മന്ത്രാലയത്തെ സാമൂഹികനീതി ശാക്തീകരണ വകുപ്പിലേക്ക് തന്നെ തിരികെ ലയിപ്പിക്കുന്ന നടപടി രാഷ്ട്ര താത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ല എന്ന് വ്യക്തമാണ്.
മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ അടങ്ങുന്ന ജനാധിപത്യ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ ന്യൂനപക്ഷം എന്ന നിലയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക അസമത്വങ്ങളും അവഗണനകളും ഇല്ലാതാക്കാനുള്ള ആശയ വ്യവസ്ഥിതികള്‍ രാഷ്ട്ര ശില്‍പ്പികളുടെ തന്നെ ലക്ഷ്യമായിരുന്നു. എന്നാല്‍ അന്നുതൊട്ടേ എക്കാലത്തും ന്യൂനപക്ഷങ്ങളെ പ്രത്യേകം പരിഗണിക്കുന്നതില്‍ താത്പര്യം കാണിച്ചിട്ടില്ലാത്ത സംഘ്പരിവാര്‍ വിഭാഗങ്ങളുടെ നയനിലപാടുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ മന്ത്രാലയത്തെ ഒതുക്കാനുള്ള തീരുമാനങ്ങളില്‍ അതിശയോക്തി ഒന്നുമില്ല.

വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അടക്കം വിവിധങ്ങളായ അനുബന്ധ പരിപാടികളുടെ ഭാവിയും തുടര്‍ച്ചയും എപ്രകാരമാകും എന്നതാണ് ജനാധിപത്യ വിശ്വാസികളുടെ ആശങ്ക. സാമൂഹികനീതി ശാക്തീകരണ വകുപ്പിന് കീഴില്‍ പതിവുകള്‍ക്ക് തടസ്സം വരാതെ തന്നെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതല്ല വിഷയം. വര്‍ഷങ്ങള്‍ക്കു ശേഷം നടപ്പായ, രാഷ്ട്ര ശില്‍പ്പികളുടെ ഒരു സ്വപ്‌നത്തെ ജനാധിപത്യത്തിന് നിരക്കാത്ത രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി തകര്‍ത്തെറിയുന്നു എന്നതാണ് ഗൗരവമായി കാണേണ്ടത്. മതമോ ജാതിയോ വിശ്വാസമോ പരിഗണിക്കാതെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങളും സംവരണ വ്യവസ്ഥകളും തീരുമാനിക്കണമെന്ന ആവശ്യം വലതുപക്ഷ രാഷ്ട്രീയം മുമ്പേ ഉന്നയിക്കുന്നതാണ്. അതിലേക്കുള്ള ചവിട്ടുപടി എന്നോണം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അടക്കമുള്ള പല പദ്ധതികളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ ജനാധിപത്യ നീതിയുടെ ഉപരിപ്ലവ മാതൃകകള്‍ എന്നെല്ലാം വിശേഷിപ്പിക്കാമെന്ന് തോന്നിയേക്കാവുന്ന ഈ രീതി പക്ഷേ മതാടിസ്ഥാനത്തില്‍ കിടക്കുന്ന ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തിന് യോജിച്ചതല്ല എന്നത് സുവ്യക്തമാണ്. ന്യൂനപക്ഷം എന്ന അടിസ്ഥാന തത്ത്വത്തെ തന്നെ ഇഷ്ടമില്ലാത്തവരുടെ വലതുപക്ഷ താത്പര്യം നടപ്പാക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങളാണ് അവ.

പദ്ധതികള്‍ക്കോ അനുബന്ധ കാര്യങ്ങള്‍ക്കോ മുടക്കം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാലും, വിവിധ ന്യൂനപക്ഷ മത വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള പദ്ധതികളുടെ നിലവിലെ ഗുണഭോക്താക്കളുടെ അവകാശമാണ് ആശങ്കയിലാകുന്നത്. ആരോപണങ്ങളോടുള്ള സര്‍ക്കാറിന്റെ ഒറ്റവാക്കിലൊതുങ്ങുന്ന പ്രതികരണത്തെ മുഖവിലക്കെടുക്കാന്‍ കഴിയില്ല. മന്ത്രാലയത്തിന്റെ മേല്‍ നേരിട്ടു കൈവെക്കുന്നതിന് പരിധികളുണ്ട് എന്ന് സര്‍ക്കാറിന് തന്നെ ബോധ്യമുള്ളത് കൊണ്ട് മാത്രമാണ് ഈ നിരാകരണം എന്നു പറയാം. കാരണം, മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തു പറയുന്നതുപോലെ മന്ത്രാലയത്തിന്റെ സമ്പൂര്‍ണമായ നിഷ്‌കാസനം നടന്നില്ലെങ്കിലും ഒതുക്കുന്ന തരത്തിലുള്ള എന്ത് ഭേദഗതികള്‍ നടപ്പില്‍ വന്നാലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബഹുമുഖമായ അനേകം പദ്ധതികളുടെ ആകെത്തുകയുള്ള പ്രതിഫലനം മാറും എന്നതില്‍ സംശയമില്ല.

ഔദ്യോഗികമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും മന്ത്രാലയത്തിന്റെ കീഴില്‍ നവീനമായ പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെടാത്തതും കൃത്യതയാര്‍ന്ന വിവരങ്ങള്‍ ലഭ്യമല്ലാത്തതും ആരോപണങ്ങളെ പിന്നെയും ശരിവെക്കുകയാണ്. എന്നാല്‍ മറ്റൊരു ഭാഗത്ത് പ്രതിച്ഛായ ഭയന്ന് പ്രത്യക്ഷത്തില്‍ ആകര്‍ഷണീയമെന്ന് തോന്നുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പ്പം ന്യൂനപക്ഷ വിരുദ്ധമല്ലെന്നും എങ്ങനെയാണ് ഹിന്ദു രാഷ്ട്രം ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നത് എന്നും എല്ലാം വിശദമാക്കുന്ന വലിയൊരു പ്രഭാഷണം തന്നെ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. പല വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അത്ര നല്ല അവസ്ഥയല്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വല്ലാതെ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് തുടരെ തുടരെ പറഞ്ഞുകൊണ്ടിരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അടങ്ങുന്നവരുടെ പ്രസംഗങ്ങളും ലേഖനങ്ങളും അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ പോലും ഇടക്കിടെ വരാറുണ്ട്.

വാക്കുകളില്‍ ഒതുങ്ങുന്ന ന്യൂനപക്ഷ സ്‌നേഹമാണ് യാഥാര്‍ഥ്യം എന്ന് സര്‍ക്കാറിനെ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ഇത്രയും കാലം ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പ്രത്യേക പരിപാടികള്‍ അടക്കമുള്ള പദ്ധതികള്‍ പോലും ഇപ്പോള്‍ പേരിനു മാത്രമേ നടക്കുന്നുള്ളൂ. മുമ്പ് മാസം തോറും പരസ്യപ്പെടുത്താറുണ്ടായിരുന്ന മന്ത്രാലയത്തിന്റെ നേട്ടത്തിന്റെ കണക്കുകള്‍ 2008 മുതലേ പ്രസിദ്ധീകരണം നിര്‍ത്തി വെച്ചിട്ടുണ്ട്. സാംസ്‌കാരിക വൈവിധ്യങ്ങളെ സമ്പന്നമാക്കാന്‍ എന്ന ലക്ഷ്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ കര കൗശല വിദ്യക്കാര്‍ പോലുള്ളവര്‍ക്ക് വേണ്ടി നടപ്പാക്കിയ ഉസ്താദ് പോലുള്ള സാമ്പത്തിക സഹായ പദ്ധതിയും കാര്യക്ഷമമല്ല. അല്പ സംഖ്യക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പോലും പൊടി പിടിച്ചു കിടക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ നല്‍കിയ മറുപടി പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളുടെ എല്ലാം ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതൊന്നും തങ്ങള്‍ ന്യൂനപക്ഷം അല്ലെന്ന് ധരിച്ച്, രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ എല്ലാവരും ചേര്‍ന്ന് ഞങ്ങള്‍ക്കിതൊന്നും വേണ്ടെന്നു വെച്ചിട്ടല്ലല്ലോ. ഇത്രയും പേര്‍ ചേര്‍ന്ന് ഒരുമിച്ച് അപേക്ഷിച്ചിട്ടും ഫണ്ടനുവദിക്കാനും പരിഗണിക്കാനും തലപ്പത്തിരിക്കുന്നവര്‍ക്ക് മനസ്സ് വരാത്തത് കൊണ്ടാണ്.

---- facebook comment plugin here -----

Latest