Connect with us

Articles

ഇന്ത്യയെ ആര് രക്ഷിക്കും?

ഇന്ത്യ എങ്ങോട്ട് എന്ന ചോദ്യത്തിന് ആരുടെ പക്കലും മറുപടിയില്ല. നമ്മുടെ രാജ്യത്തെ ആര്‍ക്ക് രക്ഷിക്കാനാകും എന്ന മര്‍മത്തില്‍ തൊടുന്ന ചോദ്യത്തിനും ഉത്തരമില്ല. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞാടുന്ന ഇന്ത്യക്ക് സ്വതന്ത്ര രാഷ്ട്രമായി ഒരു നൂറ്റാണ്ടുകാലം മുന്നോട്ടുപോകാന്‍ സാധ്യമല്ല എന്ന് 1967ല്‍ പ്രവചിച്ച ലിയോനാര്‍ഡ് വൂള്‍ഫിന്റെ കണക്കൂകൂട്ടല്‍ കാലം ശരിവെക്കുകയാണോ?

Published

|

Last Updated

ന്ത്യയെന്ന ആശയവും ഭരണഘടനയും അത്യപൂര്‍വമായ വെല്ലുവിളികള്‍ക്ക് നടുവിലാണിപ്പോള്‍. ഭരണഘടനയുടെ കാവലാളുകളായ നീതിന്യായ വ്യവസ്ഥയുടെ മൂല്യച്യുതിയാണ് അവസാനത്തെ പ്രതീക്ഷയും തകര്‍ക്കുന്നത്. ജനാധിപത്യക്രമത്തെ നിലനിര്‍ത്താന്‍ അനിവാര്യമായ കാലാവസ്ഥ ദ്രുതഗതിയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മൂല്യവിചാരങ്ങളെയെല്ലാം തൂത്തെറിയാന്‍ പോരുന്ന വികലവും വര്‍ഗീയവുമായ ചിന്തയും ആശയങ്ങളും ദേശീയ ഭൂമികയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ബഹുസ്വര സമൂഹത്തെ കുറിച്ചുള്ള സകല പ്രതീക്ഷകളും അസ്തമിച്ച മട്ടാണ്. അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും മഹാ അപരാധമായി മാറിയിരിക്കുന്നു യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയില്‍.

2014ല്‍ നരേന്ദ്ര മോദി കേന്ദ്ര ഭരണം ഏറ്റെടുത്ത അന്ന് തൊട്ട് തുടങ്ങിയ ജനാധിപത്യ, മതേതര വ്യവസ്ഥകളുടെ ശിഥിലീഭവനം പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. മതേതരത്വം കൊണ്ട് ആണയിടുന്ന പാര്‍ട്ടികള്‍ പോലും നിസ്സംഗതയിലാണ്. രാഷ്ട്രീയാനന്തര കാലമെന്ന് വിശേഷിപ്പിക്കാവുന്ന “മോദി യുഗ’ത്തില്‍ ഈ രാജ്യത്ത് അധിവസിക്കുന്ന 138 കോടി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചും ഭരണകൂട ഭീകരത കൊണ്ട് അടിച്ചമര്‍ത്തിയും വര്‍ഗീയ ഫാസിസം മുന്നോട്ടു പോകുമ്പോള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും മറ്റു സെക്യുലര്‍ പാര്‍ട്ടികളും നിസ്സംഗമായി നോക്കിനില്‍ക്കുന്ന സഹതാപാര്‍ഹമായ കാഴ്ച ആരെയാണ് അസ്വസ്ഥമാക്കാത്തത്? ഒറ്റപ്പെട്ട വ്യക്തികള്‍ ഉയര്‍ത്തുന്ന പ്രതിരോധങ്ങളെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയോ നാക്കരിഞ്ഞ് മൗനികളാക്കുകയോ ചെയ്യുമ്പോള്‍ ആഗോള സമൂഹത്തിന് അത് കണ്ടിരിക്കാന്‍ സാധിക്കുന്നില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മതസ്വാതന്ത്ര്യം സംബന്ധിച്ച് യു എസ് സമിതി ഇക്കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങളും പീഡനങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മതസ്വാതന്ത്ര്യ വിഷയത്തില്‍ പ്രത്യേക ഉത്കണ്ഠ അനിവാര്യമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. അതിനോട് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം എത്ര ലാഘവത്തോടെയായിരുന്നു? റിപോര്‍ട്ട് മുന്‍വിധിയോട് കൂടിയതും അയഥാര്‍ഥവും രാജ്യത്തിന്റെ ബഹുസ്വരത സംബന്ധിച്ച് ധാരണയില്ലാത്തതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി ആവര്‍ത്തിച്ചത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ കുറിച്ചും തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. അതെല്ലാം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റു രാജ്യങ്ങള്‍ അതിലൊന്നും ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് വിമര്‍ശങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ് ഹിന്ദുത്വ ഭരണകൂടം.

ആര്‍ എസ് എസിന്റെയും ഹിന്ദുത്വ ഭരണകൂടത്തിന്റെയും ആത്യന്തിക ലക്ഷ്യം “ഭൂരിപക്ഷാധിപത്യ’മാണ്. ഹിന്ദുരാഷ്ട്രം എന്ന ഓമനപ്പേരില്‍ കഴിഞ്ഞ 98 വര്‍ഷമായി ആര്‍ എസ് എസ് നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മതാന്ധതയുടെ രാഷ്ട്രീയ അജന്‍ഡ 2025ല്‍ സാക്ഷാത്കരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ കുതൂഹലങ്ങളാണ് ഇവിടെ കേള്‍ക്കുന്നതെല്ലാം. ഹിജാബും വാങ്കും ത്വലാഖും പ്രവാചകനുമെല്ലാം രാഷ്ട്രീയ പൊതു ഇടങ്ങളിലെ മുഖ്യ തര്‍ക്കവിഷയമായി തീവ്ര വലതുപക്ഷം മാറ്റിയെടുത്തത് രണ്ട് ഇന്ത്യയെ സൃഷ്ടിക്കാനാണ്. 1947ലെ വിഭജന കാലത്തേക്കാള്‍ മനുഷ്യരെയും മനസ്സുകളെയും ഭിന്നിപ്പിക്കുന്നതില്‍ സംഘ്കുടില തന്ത്രം വിജയിച്ചുകഴിഞ്ഞു. എട്ട് നൂറ്റാണ്ടു കാലം കാണ്ഡഹാര്‍ മുതല്‍ ഡെക്കാന്‍ വരെ ഈ ഉപഭൂഖണ്ഡം ഭരിക്കുകയും ഈ രാജ്യത്തെ പുറംലോകവുമായി ചരിത്രത്തിലാദ്യമായി കൂട്ടിയിണക്കുകയും ഈ മണ്ണിന്റെ ജൈവകോശങ്ങളില്‍ കലയുടെയും സര്‍ഗവൈഭവങ്ങളുടെയും തുടിക്കുന്ന പൈതൃകങ്ങളെ സന്നിവേശിപ്പിക്കുകയും ചെയ്ത ഒരു നാഗരികതയുടെ ജീവിക്കുന്ന ചരിത്ര സാക്ഷ്യങ്ങളെ പച്ചക്കള്ളം കൊണ്ട് മൂടിവെക്കാമെന്നും അതുവഴി ബ്രാഹ്‌മണാധിപത്യത്തിന്റെ കാവിധ്വജങ്ങള്‍ പാറിപ്പറപ്പിക്കാമെന്നും കണക്കുകൂട്ടുന്ന രാഷ്ട്രീയ ദുഷ്ടചിന്തയാണ് രാജ്യത്തെ സര്‍വനാശത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്.

തകര്‍ത്തെറിയപ്പെടുന്ന നീതിന്യായ വ്യവസ്ഥ

സമീപകാലത്തായി മതേതര സമൂഹത്തെ ഏറ്റവും വ്യാകുലമാക്കുന്നത് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടായ ചില നീക്കങ്ങളാണ്. 2019 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് വിഷയത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റേതായി പുറത്തുവന്ന വിധിയോടെ തുടങ്ങിവെച്ചു ആ നീക്കമെന്ന് വ്യാപകമായി വിമര്‍ശമുയര്‍ന്നു. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാകാം കോടതി വിധികളെന്ന് തോന്നിപ്പിച്ചു കൊണ്ടാണ് സാകിയ ഇഹ്‌സാന്‍ ജഫ്രി കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26ന് മൂന്നംഗ ബഞ്ച് വിധി പ്രഖ്യാപിച്ചത്. പരമോന്നത നീതിപീഠം ഈ വിധിയിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും ഭരണകൂടത്തിനും മുന്നില്‍ കീഴടങ്ങിയോ എന്ന് സംശയിക്കുന്ന സാഹചര്യമുണ്ടായി. സാകിയയെ നിയമ പോരാട്ടത്തില്‍ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാറിനെയും വേട്ടയാടാന്‍ അവസരമൊരുക്കിയ കോടതി നടപടി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കളങ്കിതമായ ഒരധ്യായമാണ്. ഇതിനെതിരെ കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്ടക്ട് ഗ്രൂപ്പിന്റെ കീഴില്‍ 92 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച പ്രസ്താവന രാജ്യത്തിന്റെ ഉത്കണ്ഠ പങ്കുവെക്കുന്നുണ്ട്. പ്രമുഖരായ 300 നിയമജ്ഞരും ആക്ടിവിസ്റ്റുകളും ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ സുപ്രധാനമായ ഒരു കാര്യമുണര്‍ത്തുന്നുണ്ട്- കോടതി വിധിയുടെ പ്രത്യാഘാതം നിയമവാഴ്ചയെയും നീതിന്യായ വ്യവസ്ഥയെയും അപകടത്തിലാക്കുകയാണെന്ന്. ആംനെസ്റ്റി ഇന്റര്‍നാഷണലും രൂക്ഷമായ ഭാഷയിലാണ് വിധിക്കെതിരെ പ്രതികരിച്ചത്. സാകിയയുടെ അപ്പീല്‍ തള്ളുകയും കലാപകാലത്ത് ഗുജറാത്ത് ഭരിച്ച മോദിയെ അഭിഷിക്തരാക്കുകയും ചെയ്ത ന്യായാസനം ആ കേസില്‍ കക്ഷികള്‍ പോലുമല്ലാത്ത ടീസ്റ്റക്കും പോലീസ് ഓഫീസര്‍മാരായ ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരെ കേസെടുത്ത് ജയിലില്‍ തള്ളുകയും ചെയ്ത കിരാത നടപടി ജുഡീഷ്യറിയുടെ മരണമണിയാണ് ഉച്ചത്തില്‍ മുഴക്കുന്നത്.

പ്രചാചക വിരുദ്ധ പരാമര്‍ശത്തിലൂടെ പ്രതിക്കൂട്ടിലായ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്കു വേണ്ടി ഹിന്ദുത്വവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ രൂപത്തിലുള്ള ക്യാമ്പയിന്‍ സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരായ ഇംപീച്ച്‌മെന്റില്‍ എത്തിനില്‍ക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഇവിടുത്തെ മതേതരസമൂഹം ഞെട്ടുന്നില്ല? തനിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫയല്‍ ചെയ്ത കേസുകള്‍ ഡല്‍ഹി കോടതി ഒന്നിച്ചുകേള്‍ക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച നൂപുര്‍ ശര്‍മക്ക് ജസ്റ്റിസുമാരായ സുര്യകാന്തും പര്‍ദിവാലയും ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത് മതേതര വിശ്വാസികളെ ആശ്വസിപ്പിച്ച നടപടിയായിരുന്നു. എന്നാല്‍, കോടതി എന്തോ അരുതായ്മ ചെയ്തു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അരങ്ങുതകര്‍ക്കുന്നത്. നൂപുര്‍ ശര്‍മയുടെ വിഷലിപ്തവും അത്യന്തം പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പോലും പ്രതിഷേധാഗ്‌നി ആളിപ്പടര്‍ന്നിട്ടും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മോദിയോഗി സര്‍ക്കാര്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉരുക്കുമുഷ്ടി കൊണ്ടും ബുള്‍ഡോസര്‍കൊണ്ടുമാണ് നേരിട്ടത്. അതിനിടയില്‍, ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരന്‍ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവവും അത് ലൈവായി സോഷ്യല്‍ മീഡിയയിലൂടെ പ്രസരിപ്പിക്കപ്പെട്ടതുമെല്ലാം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളായിരുന്നു. ഈ ഘട്ടത്തിലാണ് നൂപുര്‍ ശര്‍മയുടെ കേസ് തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ ജസ്റ്റിസ് സൂര്യകാന്തും ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബഞ്ച് ബി ജെ പിക്കാരിയുടെ നിയന്ത്രണം വിട്ട നാവാണ് എല്ലാറ്റിനും ഉത്തരവാദിയെന്നും കനയ്യലാലിന്റെ കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ക്ക് പോലും അവര്‍ ഒറ്റക്കാണ് മറുപടി പറയേണ്ടതെന്നും ആഞ്ഞടിച്ചത്.

പരമോന്നത നീതിപീഠത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന അപ്രതീക്ഷിതമായ അധിക്ഷേപം ആര്‍ എസ് എസിന്റെ സംവേദനക്ഷമതയെ തൊട്ടുനോവിച്ചു. അതോടെ, സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ ക്യാമ്പയിന്‍ തുടങ്ങി. എവിടേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് മുന്‍കൂട്ടി കണ്ട ജസ്റ്റിസ് പര്‍ദിവാല ഒരു പ്രഭാഷണത്തിനിടയില്‍ പറഞ്ഞത്, “നിയമം എന്താണ് ചിന്തിക്കുന്നത് എന്നതിന് പകരം മീഡിയ എന്തായിരിക്കും ചിന്തിക്കുക എന്ന തരത്തില്‍ ആലോചിക്കേണ്ടി വരുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാണ് കോടതി വിധിയുടെ പേരില്‍ ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് വഴിവെക്കുക’ എന്നായിരുന്നു. നൂപുര്‍ ശര്‍മ നിരപരാധിയാണെന്നും കോടതിയാണ് അതിന്റെ അധികാരപരിധി ലംഘിച്ച് അനാവശ്യമായ വിമര്‍ശം ഉയര്‍ത്തിയിരിക്കുന്നതെന്നും കാണിച്ച് 15 മുന്‍ ന്യായാധിപന്മാര്‍ ഉള്‍പ്പെടെ നൂറിലേറെ മുന്‍ സിവില്‍ സൈനിക ഉദ്യോഗസ്ഥര്‍ സംയുക്ത പ്രസ്താവനയുമായി കച്ചകെട്ടി ഇറങ്ങി. മാത്രമല്ല, ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനുള്ള വ്യാപകമായ ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. ആര്‍ എസ് എസിന്റെ അനുയായികള്‍ക്കെതിരെ ഒരു കോടതിയും ഒരക്ഷരം മിണ്ടാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യ മനോഭാവമാണ് ഇതിനു പിന്നില്‍. അതിനിടയിലാണ് നൂപുര്‍ ശര്‍മയുടെ വിഷലിപ്ത പ്രസ്താവന ലോകത്തിനു മുന്നിലേക്കെത്തിച്ച ആള്‍ട്ട്‌ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈറിനെ വ്യാജ കുറ്റം ചുമത്തി തുറുങ്കിലടക്കുന്നത്. ഇപ്പോള്‍ കാളിദേവിയാണ് വിഷയം. പ്രധാനമന്ത്രി മോദി ഒരു സിനിമാ പോസ്റ്ററിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഇടപെട്ടിരിക്കുകയാണ്. കാളിയുടെ ആത്മീയ ചൈതന്യമാണത്രെ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പി മെഹുവാ കാളിദേവിയെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളില്‍ കയറിപ്പിടിച്ച് വര്‍ഗീയത ആളിക്കത്തിക്കാനാണ് മോദി ശ്രമിക്കുന്നത്.

ഇന്ത്യ എങ്ങോട്ട് എന്ന ചോദ്യത്തിന് ആരുടെ പക്കലും മറുപടിയില്ല. നമ്മുടെ രാജ്യത്തെ ആര്‍ക്ക് രക്ഷിക്കാനാകും എന്ന മര്‍മത്തില്‍ തൊടുന്ന ചോദ്യത്തിനും ഉത്തരമില്ല. അവസാനത്തെ ബ്രിട്ടീഷ് സൈനികന്‍ ബോംബെയോ കറാച്ചിയോ വിട്ടുകഴിഞ്ഞാല്‍ പരസ്പരം ഏറ്റുമുട്ടുന്ന വിവിധങ്ങളായ മതജാതി ശക്തികളുടെ യുദ്ധക്കളമായി ഇന്ത്യ മാറുമെന്ന് 1915ല്‍ ആശങ്ക പങ്കുവെച്ച കല്‍ക്കത്ത ബിഷപ്പായിരുന്ന ജെ ഇ വെല്‍ഡെന്റെ വാക്കുകള്‍ പുലരുകയാണോ ഇവിടെ. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞാടുന്ന ഇന്ത്യക്ക് സ്വതന്ത്ര രാഷ്ട്രമായി ഒരു നൂറ്റാണ്ടുകാലം മുന്നോട്ടുപോകാന്‍ സാധ്യമല്ല എന്ന് 1967ല്‍ പ്രവചിച്ച ലിയോനാര്‍ഡ് വൂള്‍ഫിന്റെ കണക്കൂകൂട്ടല്‍ കാലം ശരിവെക്കുകയാണോ?

---- facebook comment plugin here -----

Latest