Kerala
തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; തീപ്പൊരി വീണത് വൈദ്യുതി ലൈനില്‍ നിന്നെന്ന് പോലീസ്
അതേസമയം, വൈദ്യുതി ലൈനിന്റെ പരിസരത്തല്ല തീപിടിത്തം ഉണ്ടായതെന്നും സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുവെന്നും റെയില്‍വെ
തൃശൂര്‍| തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിങ് മേഖലയിലെ തീപിടിത്തത്തില്‍ പോലീസിനെ തള്ളി റെയില്‍വെ. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് ബൈക്ക് പാര്‍ക്കിങില്‍ തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ വൈദ്യുതി ലൈനിന്റെ പരിസരത്തല്ല തീപിടിത്തം ഉണ്ടായതെന്നും സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുവെന്നുമാണ് റെയില്‍വെ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസും റെയില്‍വെയും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. പാര്‍ക്കിങ് ഏരിയയുടെ മേല്‍ക്കൂരയിലെ വിടവിലൂടെ വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊഴി വീഴുകയും അത് ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീഴുകയും ആ ബൈക്കില്‍ നിന്ന് മറ്റ് ബൈക്കുകളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.
അതേസമയം, വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണ് അപകടമുണ്ടാകാന്‍ സാധ്യതയില്ല. തീപിടിത്തമുണ്ടായ ഭാഗത്തുകൂടിയല്ല വൈദ്യുതി ലൈന്‍ കടന്നുപോകുന്നതെന്നുമാണ് റെയില്‍വെ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായാല്‍ വൈദ്യുതി പൂര്‍ണമായും സ്തംഭിക്കേണ്ടതാണ്. എന്നാല്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ല. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നില്ല. എന്നാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും റെയില്‍വെ വ്യക്തമാക്കി.






