Kerala
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍
ആന്റണി രാജുവിന് നോട്ടീസ് നല്‍കും
കൊച്ചി|തൊണ്ടിമുതല്‍ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിന് ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കും. വിശദമായി കേട്ടശേഷമായിരിക്കും തുടര്‍നടപടി ഉണ്ടാവുക. കേസില്‍ ആന്റണി രാജുവിനും വഞ്ചിയൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയില്‍ അപ്പീലിന് പ്രോസിക്യൂഷന്‍ ഇന്ന് നടപടികള്‍ ആരംഭിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മന്‍മോഹന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ശിക്ഷാവിധി റദ്ദാക്കാനുള്ള നടപടികളിലേക്ക് ആന്റണി രാജുവും കടന്നിട്ടുണ്ട്. കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം അയോഗ്യതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നുവര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു. ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാകും.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു, സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയവെ സഹതടവുകാരനോട് ആന്‍ഡ്രൂ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പോലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്.കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹരജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.



